#Latest News #Kannur Car Accident #Accident #Death #Last Photo #Last Phone Call #Kannur
കണ്ണൂർ : ( www.truevisionnews.com) കൂട്ടുകാരോടൊപ്പം വീട്ടിലെത്തുമെന്നും തനിക്കായി ഭക്ഷണം തയ്യാറാക്കി വെക്കണമെന്നും ഉമ്മയോട് സ്നേഹത്തോടെ ഫോണിൽ പറഞ്ഞ് വെക്കുമ്പോൾ മുഹമ്മദ് റിസ്വാൻ അറിഞ്ഞിരുന്നില്ല, അത് തന്റെ അവസാനത്തെ വാക്കുകളായിരിക്കുമെന്ന്.
സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ പുതിയ വസ്ത്രങ്ങളുമെടുത്ത് ബെംഗളൂരുവിൽ നിന്നും സന്തോഷത്തോടെ പുറപ്പെട്ട അഞ്ച് യുവാക്കളുടെ യാത്രയാണ് അർദ്ധരാത്രിയിലെ ദാരുണമായ അപകടത്തിൽ അവസാനിച്ചത്. വീടെത്താൻ വെറും ഇരുപത് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് ഈ ചെറുപ്പക്കാരുടെ ജീവൻ കാർ അപകടത്തിൽ പൊലിഞ്ഞത്.
യു പി സ്വദേശി പരം ഛേത്രി, ഹർഷ്, മലയാളികളായ റിസ്‌വാൻ, ഷാൻ , ആദിത്യ കൃഷ്ണ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽനിന്നു പുറപ്പെടുന്നതിനു മുൻപ് അഞ്ചുപേരും ചേർന്ന് സെൽഫിയെടുത്ത് അലവിലോട് ഷാന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തിരുന്നു.
വിവാഹം തകർപ്പനാക്കാനായി പുറപ്പെടുന്നു എന്നു പറഞ്ഞ് അയച്ച ആ ചിത്രം ഇവരുടെ അവസാന ചിത്രമായി. ആ ചിത്രത്തിൽ നോക്കി വിങ്ങിപ്പൊട്ടുകയാണ് കുടുംബാംഗങ്ങൾ.
യാത്ര തിരിക്കുന്നതിനു മുൻപ് കാറിനുള്ളിൽ വച്ചാണ് സെൽഫിയെടുത്തത്. ഉത്തർപ്രദേശ് സ്വദേശി പരം ചേത്രിയുടേതാണ് ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള കാർ. ഇന്ന് നടക്കുന്ന വിവാഹ പരിപാടിയിൽ അണിയുന്നതിനുള്ള വസ്ത്രങ്ങളും ബെംഗളൂരുവിൽനിന്നു സംഘം വാങ്ങിയിരുന്നു.
ഷാന്റെ വീട്ടിലേക്കെത്താൻ 20 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് അപകടം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കാഞ്ഞങ്ങാട് അരയി സ്വദേശിയായ റിസ്വാൻ തന്റെ പിതാവ് ബി. ബഷീറിനെ വിളിച്ച് കൂട്ടുകാരോടൊപ്പം നാട്ടിലേക്ക് വരുന്ന കാര്യം അറിയിക്കുന്നത്. കാറിലാണ് വരുന്നതെന്ന് അറിഞ്ഞതോടെ രാത്രി യാത്രയായതിനാൽ വളരെ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്ന് പിതാവ് മകന് നിർദേശവും നൽകിയിരുന്നു.
ഷാനെ കണ്ണൂരിലെ വീട്ടിലാക്കിയ ശേഷം റിസ്വാനും കൂട്ടുകാരും കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് വരാനായിരുന്നു പദ്ധതി. മകനെയും കൂട്ടുകാരെയും സ്വീകരിക്കാൻ വീട്ടിൽ എല്ലാ ഒരുക്കങ്ങളും നടത്തി കാത്തിരുന്ന പിതാവിനെ തേടിയെത്തിയത് പക്ഷേ, കോൾ കട്ട് ചെയ്ത് ഇരുപത് മിനിറ്റിനുള്ളിൽ മകൻ അപകടത്തിൽ പെട്ടെന്നുള്ള വാർത്തയായിരുന്നു.
ബെംഗളൂരു യെലഹങ്കയിലെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥിയായ റിസ്വാൻ, ബാക്കിയുണ്ടായിരുന്ന രണ്ട് പരീക്ഷകൾ എഴുതാനായാണ് രണ്ടാഴ്ച മുൻപ് നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് പോയത്.
പുലർച്ചെ 3.30-ഓടെയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് അടിയന്തരമായി എത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിന്റെ വിളി ബഷീറിന് വരുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരനായ ജലീലിനൊപ്പം കണ്ണൂരിലേക്ക് തിരിച്ച ബഷീർ, അവിടെയെത്തിയ ശേഷമാണ് മകന്റെ മരണവാർത്തയറിഞ്ഞത്.
വലിയ സ്വപ്നങ്ങളുമായി പഠനം പൂർത്തിയാക്കാൻ പോയ മകൻ ജീവനില്ലാതെ മടങ്ങിയെത്തിയത് ആ കുടുംബത്തെയാകെ ഉലച്ചിരിക്കുകയാണ്.
നാട്ടിൽ വന്നാൽ ഫുട്ബോൾ മത്സരങ്ങളിലും ട്രേഡിങ്ങിലുമെല്ലാം ഒരേപോലെ സജീവമായി ഇടപെട്ടിരുന്ന റിസ്വാൻ നാട്ടുകാർക്കെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു. ആ ചെറുപ്പക്കാരന്റെ വിയോഗം അരയി ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 2.30-ഓടെ വീട്ടിലെത്തിച്ച റിസ്വാന്റെ മൃതദേഹം, വൈകിട്ട് 3 മണിയോടെ ജനസാഗരത്തെ സാക്ഷിയാക്കി അരയി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
Content Highlight: Kannur car accident: five dead; final photo, phone call
#Latest News #Kannur Car Accident #Accident #Death #Last Photo #Last Phone Call #Kannur


































