#Latest News #Vizhinjam Port #Vizhinjam Port Managing Director #K K Ragesh #P K Sreemathi #Divya S Iyer
ന്യൂഡല്‍ഹി: ( www.truevisionnews.com ) ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തില്‍ കെ കെ രാഗേഷിന്റെ നിലപാട് തള്ളി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി കെ ശ്രീമതി.
നടപടി സ്വാഭാവികമാണെന്ന് ശ്രീമതി പറഞ്ഞു. അതില്‍ അസ്വാഭാവികത കാണേണ്ടതില്ലെന്നാണ് ശ്രീമതിയുടെ നിലപാട്. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറി വരുമ്പോള്‍ സാധാരണ മാറ്റാറുണ്ടെന്നായിരുന്നു വിശദീകരണം.
കെ കെ രാഗേഷിന്റെ പ്രസ്താവനയില്‍ വ്യക്തതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നടപടിയില്‍ മറ്റെന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നുന്നെങ്കില്‍ അദ്ദേഹം അത് വിശദീകരിക്കട്ടെ എന്നും അവര്‍ പറഞ്ഞു.
ദിവ്യ മികച്ച ഉദ്യോഗസ്ഥയെന്നും ഏത് സര്‍ക്കാരായാലും സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നും ശ്രീമതി പറഞ്ഞു. അത് പരിഗണിക്കുമ്പോള്‍ അവരെ മാറ്റേണ്ടതില്ലെന്നാണ് വ്യക്തിപരമായി തോന്നുന്നത്. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ മാറുമ്പോള്‍ ഉണ്ടാകുന്നതാണെന്നും അവര്‍ പറഞ്ഞു. അത് വിവാദമാക്കേണ്ടതില്ലെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയിലും വ്യക്തതയില്ല. വിഴിഞ്ഞം എംഡി സ്ഥാനം മാത്രമെന്തിന് ചര്‍ച്ചയാക്കണമെന്നും ശ്രീമതി ചോദിച്ചു. ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടറെ മാറ്റിയത് ചര്‍ച്ചയാക്കിയില്ലല്ലോ എന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ കൂടുതല്‍ പറയിപ്പക്കരുത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് പി കെ ശ്രീമതി പറഞ്ഞു. ആവിലും ഇല്ല ദുനിയാവിലും ഇല്ലെന്ന നിലയില്‍ സംസാരിക്കരുതെന്നും മുഖ്യന്ത്രിക്കെതിരെ ശ്രീമതിയുടെ പരിഹാസമുണ്ടായി.
ദിവ്യ എസ് അയ്യരെ മാറ്റിയ നടപടി സ്വാഭാവികമാണെന്ന് നേരത്തെ കെ കെ ശൈലജയും നിലപാടെടുത്തിരുന്നു. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റമുണ്ടാകുമെന്നായിരുന്നു കെ കെ ശൈലജയുടെ നിലപാട്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകണം. പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകളുടെ കയ്യിലേക്ക് പോകരുതെന്നും കെ കെ ശൈലജ പറഞ്ഞിരുന്നു.
ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടിയെന്നായിരുന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നേരത്തെ നിലപാട് വ്യക്തമാക്കിയത്.
ദിവ്യയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ അദാനി അധികൃതര്‍ പലതവണ ശ്രമിച്ചതായും കെ കെ രാഗേഷ് ചൂണ്ടിക്കാട്ടിയിരുന്നു. ദിവ്യയെ നീക്കിയത് അദാനിയെ സഹായിക്കാന്‍ എന്ന് ചില മാധ്യമങ്ങള്‍ പറയുന്നുണ്ടെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സിപിഐഎമ്മില്‍ വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങളുള്ളത് ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്.
Content Highlight: Divya S. Iyer has been removed from the post of Managing Director of Vizhinjam Port; K.K. Ragesh and Democratic Women's Association General Secretary P.K. Sreemathi
#Latest News #Vizhinjam Port #Vizhinjam Port Managing Director #K K Ragesh #P K Sreemathi #Divya S Iyer




























