---
title: "' ജയസൂര്യയുടെ ചിത്രത്തിൽ പാടാൻ പോയി, പിന്നീട് മറ്റൊരു ഗായകനെക്കൊണ്ട് പാടിച്ചു , സിനിമക്കാര്‍ ആൽബം കലാകാരൻമാരെ പുച്ഛത്തോടെയാണ് കണ്ടിരുന്നത്'; ഷാഫി കൊല്ലം"
english_title: "'Filmmakers looked down on album artists'; Shafi Kollam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371445/filmmakers-looked-down-on-album-artists-shafi-kollam"
published_at: "2026-07-09T16:43:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f83cc31da7_dfghhjm.jpg"
keywords: ["Latest news", "Shafi Kollam", "Album artists", "Filmmakers"]
---

# ' ജയസൂര്യയുടെ ചിത്രത്തിൽ പാടാൻ പോയി, പിന്നീട് മറ്റൊരു ഗായകനെക്കൊണ്ട് പാടിച്ചു , സിനിമക്കാര്‍ ആൽബം കലാകാരൻമാരെ പുച്ഛത്തോടെയാണ് കണ്ടിരുന്നത്'; ഷാഫി കൊല്ലം

> **Lead Summary:** കൊല്ലം: **[** തൊണ്ണൂറുകളിലെ സ്വതന്ത്ര ആൽബങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് കൊല്ലം ഷാഫി. ഇടക്കാലത്ത് 'തല്ലുമാല' ഉൾപ്പെടെയുള്ള സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സംഗീത ജീവിതത്തെക്കുറിച്ചും നേരിട്ട കടുത്ത വെല്ലുവിളികളെക്കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

## Article Content

കൊല്ലം: **[** തൊണ്ണൂറുകളിലെ സ്വതന്ത്ര ആൽബങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് കൊല്ലം ഷാഫി. ഇടക്കാലത്ത് 'തല്ലുമാല' ഉൾപ്പെടെയുള്ള സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സംഗീത ജീവിതത്തെക്കുറിച്ചും നേരിട്ട കടുത്ത വെല്ലുവിളികളെക്കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ആൽബങ്ങൾ സൂപ്പർഹിറ്റായ കാലത്ത് രണ്ടുതരം ആളുകളാണ് നിർമാണ രംഗത്തേക്ക് വന്നതെന്ന് ഷാഫി പറയുന്നു. ഗൾഫിൽ നിന്ന് വന്ന് പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കാനും സ്വന്തം താല്പര്യങ്ങൾ തീർക്കാനും വേണ്ടി മാത്രം പണം മുടക്കിയവരാണ് ആദ്യത്തെ കൂട്ടർ. രണ്ടാമത്തേത്, ആൽബം മേഖല സിനിമയ്ക്ക് സമാന്തരമായി വളരുന്നത് കണ്ട് അതിനെ തകർക്കാനും കോമഡിയാക്കാനും കരുതിക്കൂട്ടി ശ്രമിച്ച സിനിമാ രംഗത്തെ ഒരു വലിയ കോക്കസ് ആണ്.

സിനിമയിലെ ചില ഡയറക്ടർമാർ ഇതിന് പിന്നിലുണ്ടായിരുന്നു. നന്നായി പോയിക്കൊണ്ടിരുന്ന മേഖലയിലേക്ക് നടിമാരുടെ വസ്ത്രധാരണത്തിൽ കുറവ് വരുത്തി മസാല ചേർത്ത ആൽബങ്ങൾ കൊണ്ടുവന്നത് ഇവരാണെന്ന് ഷാഫി ആരോപിക്കുന്നു.

തുടക്കകാലത്ത് താൻ മാപ്പിളപ്പാട്ടിനെ നശിപ്പിച്ചു എന്ന രീതിയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ തങ്ങൾ ചെയ്തത് 'ആൽബം മീഡിയ' ആയിരുന്നുവെന്നും, ടാക്സ് ഇല്ലാത്തതുകൊണ്ട് ചിലർ അതിന് മാപ്പിളപ്പാട്ട് എന്ന് ലേബിൾ ഒട്ടിച്ചതാണെന്നും ഷാഫി വ്യക്തമാക്കുന്നു. പാട്ടുകളിൽ കാലാനുസൃതമായ മാറ്റങ്ങളാണ് തങ്ങൾ കൊണ്ടുവന്നത്.

മുൻകാലങ്ങളിൽ സിനിമാ രംഗത്തുള്ളവർ ആൽബം കലാകാരന്മാരെ വളരെ പുച്ഛത്തോടെയാണ് കണ്ടിരുന്നത്. നടൻ ജയസൂര്യയുടെ ഒരു ചിത്രത്തിൽ പാടാൻ പോയപ്പോൾ നേരിട്ട അവഗണനയെക്കുറിച്ചും, പാടിച്ചതിന് ശേഷം പിന്നീട് അറിയിക്കാതെ മറ്റ് ഗായകരെക്കൊണ്ട് അത് മാറ്റിപ്പാടിച്ച സംഭവത്തെക്കുറിച്ചും ഷാഫി വെളിപ്പെടുത്തി. എന്നാൽ പുതിയ തലമുറയിലെ ഖാലിദ് റഹ്മാൻ, മുഹ്സിൻ പരാരി (തല്ലുമാല ടീം) തുടങ്ങിയവർ തങ്ങളെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്.

സിഡിയുടെ ഡിമാൻഡ് കുറഞ്ഞതോടെ കരിയറിൽ വലിയൊരു ഇടവേള വന്നു. കൊറോണക്കാലത്ത് ജീവിക്കാൻ വേണ്ടി സുഹൃത്തിന്റെ ടെക്സ്റ്റൈൽസ് കടയിൽ 800 രൂപ ദിവസകൂലിക്ക് തുണി മടക്കാൻ പോയിട്ടുണ്ട്. അധ്വാനിച്ച് ജീവിക്കുന്നതിൽ യാതൊരു നാണക്കേടും വിചാരിച്ചിട്ടില്ലെന്നും, നാളെ പാട്ടില്ലെങ്കിലും ജീവിക്കാൻ മറ്റ് പണിക്ക് പോകുമെന്നും ഷാഫി വ്യക്തമാക്കി. പുതിയ തലമുറയിലെ വേടനെപ്പോലെയുള്ള റാപ്പർമാരെയും ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റുകളെയും ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും നൽകിയ അഭിമുഖത്തിൽ ഷാഫി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/371445/filmmakers-looked-down-on-album-artists-shafi-kollam)