#Latest News #Kalladi Landslide #Wayanad Tunnel Road #Wayanad
കല്‍പറ്റ: വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചില്‍ നേരിട്ട് കണ്ടതിന്റെ ഞെട്ടലിലും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലുമാണ് കൂടമ്മാളും ഭര്‍ത്താവ് ബാലകുമാറും. മേപ്പാടിയില്‍ പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്നു ഇരുവരും.
മുകളില്‍ നിന്നും മണ്ണ് ഇടിഞ്ഞ് വരുന്നത് കണ്ടതുകൊണ്ട് ഓടാനായെന്നും അതിനാലാണ് രക്ഷപ്പെടാനായതുമെന്നുമാണ് കൂടമ്മാള്‍ പറയുന്നത്. തുരങ്ക നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും ബസ് സ്‌റ്റോപ്പില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഓടുന്നതിനിടെ താഴെ വീണു. പിന്നെ നോക്കുമ്പോൾ ലോറിയുടെ അടിയിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
'ഉരുള്‍പൊട്ടി വരുന്നത് കണ്ട് ഓടി. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. പണിയെടുക്കുന്ന കുറേ ആളുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എസ്റ്റേറ്റില്‍ പണിയെടുക്കുന്നവരാണ്.
അവിടെയുണ്ടായിരുന്നവര്‍ തുരങ്കനിര്‍മാണത്തൊഴിലാളികളാണ്. മേപ്പാടിക്ക് പോകാന്‍ വന്നതാണ്. ഞങ്ങള്‍ മുകളിലേക്ക് നോക്കിയിരിക്കുകയായിരുന്നു. മണ്ണ് വരുന്നതുകണ്ടപ്പോഴേ ഞങ്ങള്‍ ഓടി. ദൈവഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
ഇന്നലെയും ഇന്നും ലീവായിരുന്നു. ബാങ്കില്‍ പോകാനും കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും ഇറങ്ങിയതാണ്. ഞങ്ങളുടെ വീടിനടുത്ത് മണ്ണ് കൂട്ടി ഇട്ടിട്ടുണ്ട്. പേടി ഉണ്ടായിരുന്നു. ആ മണ്ണ് ഇപ്പോഴും കൂട്ടിയിട്ടിരിക്കുകയാണ്. അധികൃതരെ അറിയിച്ചിരുന്നു.' എന്നായിരുന്നു ഇരുവരും പറഞ്ഞത്.
മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ കൂടമ്മാലും ബാലകുമാറും ഓടിവരുന്നതും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും കാണാം.
വയനാട് കളളാടിയില്‍ തുരങ്കപാതയ്ക്ക് സമീപം രാവിലെ പത്തുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ നാല് പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘങ്ങളും സ്ഥലത്തുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 265 മില്ലീമീറ്റര്‍ കനത്ത മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ചൂരല്‍മല പുഴയില്‍ ഒഴുക്കും വര്‍ധിച്ചിരുന്നു.
മണ്ണ് നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ കരാറുകാര്‍ മണ്ണ് നീക്കം ചെയ്തിരുന്നില്ലെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. ഇതാണ് അപകടത്തിന് കാരണമായത്. ദൗര്‍ഭാഗ്യകരമായ ദുരന്തമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണമെന്ന് മന്ത്രി ടി സിദ്ദിഖും പറഞ്ഞിരുന്നു. പ്രകൃതിദുരന്തമല്ല, മനുഷ്യനിര്‍മ്മിത ദുരന്തമാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിടരുതെന്ന് നിര്‍മ്മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിക്കാത്തതില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Content Highlight: Kalladi Landslide A couple who miraculously escaped the jaws of death.
#Latest News #Kalladi Landslide #Wayanad Tunnel Road #Wayanad


































