#Latest News #Ernakulam #Spinal Muscular Atrophy #Treatment #Miya Mariya
എറണാകുളം: (truevisionnews.com) അപൂർവരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ടൈപ്-1 ബാധിതയായ ഏഴുമാസം പ്രായമുള്ള മിയ മരിയയുടെ ചികിത്സയ്ക്കായി കേരളം കാട്ടിയത് വലിയൊരു മാതൃക. ചികിത്സയ്ക്കായി ആവശ്യമായ 16.5 കോടി രൂപ സമാഹരിച്ച് 'സേവ് ബേബി മിയ' ക്യാംപെയ്ൻ ചരിത്രവിജയത്തിലേക്ക്. നാടിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് അതിവേഗം ഈ ഭീമമായ തുക കണ്ടെത്താനായത്.
ജിനു ജോർജ്- നിമ്മി ജോഷി ദമ്പതികളുടെ മകളാണ് മിയ. ജീവൻ രക്ഷിക്കാൻ വിദേശത്തുനിന്നും എത്തിക്കേണ്ട മരുന്നും ജീൻ തെറാപ്പിയും ഉൾപ്പെടെ പതിനാറര കോടി രൂപ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശമാണ് ഈ ദൗത്യത്തിന് കുടുംബത്തെ പ്രേരിപ്പിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ച ക്യാംപെയ്ൻ ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധയിൽപ്പെടുകയും സംഭാവനകൾ പ്രവഹിക്കുകയുമായിരുന്നു. 'സേവ് ബേബി മിയ' സോഷ്യൽ മീഡിയ പേജിലൂടെ കുടുംബം തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ചികിത്സയ്ക്കായി പണമയക്കുന്നത് ഉടനടി നിർത്തണമെന്ന് അഭ്യർത്ഥിക്കുന്ന മറ്റൊരു അറിയിപ്പും പുറത്തുവന്നിട്ടുണ്ട്.
"മിയയുടെ ഈ വിജയം ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. പ്രാർത്ഥനകളിലൂടെയും സംഭാവനകളിലൂടെയും കൂടെ നിന്ന എല്ലാവർക്കും നന്ദി," കുടുംബം കുറിച്ചു. പോരാടാനും സുഖം പ്രാപിക്കാനും അവസരം നൽകിയ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ഹൃദയസ്പർശിയായ കുറിപ്പും കുഞ്ഞുമിയയുടെ പേരിൽ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
Content Highlight: 16.5 crores raised for miya
#Latest News #Ernakulam #Spinal Muscular Atrophy #Treatment #Miya Mariya

































