---
title: "'ആ ആഗ്രഹം മനസ്സിൽ വെച്ചാൽ മതി, ഞങ്ങൾ ഒന്നിച്ച് തന്നെയാണ്'; സഹദ് എവിടെയെന്ന ചോദ്യത്തിന് സിയയുടെ മറുപടി"
english_title: "Zia's response to the question of where Sahad is"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369453/zias-response-to-the-question-of-where-sahad-is"
published_at: "2026-06-30T13:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4377ab72eb7_vbtyj.jpg"
keywords: ["Latest news", "Zia", "Sahad", "Transgender"]
---

# 'ആ ആഗ്രഹം മനസ്സിൽ വെച്ചാൽ മതി, ഞങ്ങൾ ഒന്നിച്ച് തന്നെയാണ്'; സഹദ് എവിടെയെന്ന ചോദ്യത്തിന് സിയയുടെ മറുപടി

> **Lead Summary:** **[**തങ്ങൾ വേർപിരിഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് മാതാപിതാക്കളായ സഹദും സിയയും രംഗത്ത്. യൂട്യൂബിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിലൂടെയാണ് ഇരുവരും വ്യാജ പ്രചാരണങ്ങൾക്ക് മറുപടി നൽകിയത്.

## Article Content

**[**തങ്ങൾ വേർപിരിഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് മാതാപിതാക്കളായ സഹദും സിയയും രംഗത്ത്. യൂട്യൂബിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിലൂടെയാണ് ഇരുവരും വ്യാജ പ്രചാരണങ്ങൾക്ക് മറുപടി നൽകിയത്.

> "സഹദ് എവിടെ, നിങ്ങൾ വേർപിരിഞ്ഞോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. ഞങ്ങൾ പെട്ടെന്ന് പിരിയും എന്ന് ആഗ്രഹിച്ചവരൊക്കെ അത് മനസ്സിൽ തന്നെ വെച്ചാൽ മതി. ഞങ്ങളിപ്പോഴും ഒന്നിച്ച് തന്നെയാണ്, മരണം വരെ ഞങ്ങൾ മൂന്ന് പേരും അങ്ങനെ തന്നെയായിരിക്കും." - സിയ വീഡിയോയിൽ പറഞ്ഞു.

മകളെ നന്നായി വളർത്താനും, ഒരു കൊച്ചു വീട് പണിയാനുമായി സാമ്പത്തിക ഭദ്രത കണ്ടെത്താനുള്ള തത്രപ്പാടിലാണ് തങ്ങളെന്നും, അതിന്റെ ഭാഗമായി ജോലി തേടി ദുബായ്, റഷ്യ, ചെന്നൈ എന്നിവിടങ്ങളിൽ പോയതായിരുന്നു സഹദെന്നും സിയ വ്യക്തമാക്കി. രണ്ട് ദിവസം മുൻപാണ് സഹദ് തിരിച്ചെത്തിയത്. വീഡിയോയുടെ അവസാനം സഹദും ക്യാമറയ്ക്ക് മുന്നിലെത്തുന്നുണ്ട്.

സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ വ്യക്തിയാണ് സഹദ്. സിയ ആകട്ടെ പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ ആളും. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതോടെ ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹത്താൽ സഹദ് പുരുഷനാകാനുള്ള ഹോർമോൺ ചികിത്സ പാതിവഴിയിൽ നിർത്തുകയായിരുന്നു. സ്തനങ്ങൾ നീക്കം ചെയ്തിരുന്നെങ്കിലും ഗർഭപാത്രം നിലനിർത്തിയിരുന്നു.

തുടർന്ന് 2023 ഫെബ്രുവരിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സഹദ് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇതോടെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യത്തെ മാതാപിതാക്കളായി സഹദ്-സിയ ദമ്പതികൾ ചരിത്രം കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/369453/zias-response-to-the-question-of-where-sahad-is)