---
title: "പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്നുന്ന ചാനൽപ്പട, വായനക്കാർ മണ്ടന്മാരല്ല... എന്നിട്ട് ചോറ് തിന്നുന്ന ആരേലുമത് വിശ്വസിച്ചോ? 'അവൾക്കൊപ്പം' പുസ്തകത്തിനെതിരെ രൂക്ഷവിമർശനം"
english_title: "Journalist R. Roshipal's book, With Her - A Journalist's Investigative Journey, has been criticized on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/369441/journalist-r-roshipals-book-with-her-a-journalists-investigative-journey-has-been-criticized-on-social-media"
published_at: "2026-06-30T13:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4371445596f_avalkkoppam.jpg"
keywords: ["Latest News", "Actress Assault Case", "Journalist R. Roshipal", "Avalkkoppam Book", "Social Media"]
---

# പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്നുന്ന ചാനൽപ്പട, വായനക്കാർ മണ്ടന്മാരല്ല... എന്നിട്ട് ചോറ് തിന്നുന്ന ആരേലുമത് വിശ്വസിച്ചോ? 'അവൾക്കൊപ്പം' പുസ്തകത്തിനെതിരെ രൂക്ഷവിമർശനം

> **Lead Summary:** അടുത്തിടെയാണ് മാധ്യമപ്രവർത്തകൻ ആർ. റോഷിപാലിന്റെ അവൾക്കൊപ്പം-ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണയാത്ര എന്ന പുസ്തകം പ്രകാശനം ചെയ്തത്. എറണാകുളം ചാവറകൾച്ചറൽ സെൻ്ററിൽ നടന്ന ചടങ്ങിൽ എൻ. എസ് മാധവൻ, ഭാഗ്യലക്ഷ്മി, ആശ ആച്ചി ജോസഫ്, ആർ. റോഷിപാൽ, ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ എന്നിവർ പങ്കെടുത്തിരുന്നു. നടി ഭാവന ഓൺലൈനായി പുസ്തകപ്രകാശനത്തിന്റെ ഭാഗമായിരുന്നു.

## Article Content

അടുത്തിടെയാണ് മാധ്യമപ്രവർത്തകൻ ആർ. റോഷിപാലിന്റെ അവൾക്കൊപ്പം-ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണയാത്ര എന്ന പുസ്തകം പ്രകാശനം ചെയ്തത്. എറണാകുളം ചാവറകൾച്ചറൽ സെൻ്ററിൽ നടന്ന ചടങ്ങിൽ എൻ. എസ് മാധവൻ, ഭാഗ്യലക്ഷ്മി, ആശ ആച്ചി ജോസഫ്, ആർ. റോഷിപാൽ, ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ എന്നിവർ പങ്കെടുത്തിരുന്നു. നടി ഭാവന ഓൺലൈനായി പുസ്തകപ്രകാശനത്തിന്റെ ഭാഗമായിരുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെ നടത്തിയ സുദീർഘവും അപകടം നിറഞ്ഞതുമായ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ അനുഭവക്കുറിപ്പാണ് അവൾക്കൊപ്പം. കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രമുഖരുടെ ഗൂഢനീക്കങ്ങളെയും വേട്ടക്കാരെ സഹായിച്ച വ്യവസ്ഥിതിയെയും തുറന്നുകാട്ടുന്നതോടൊപ്പം നീതിക്കായുള്ള ഒരു മാധ്യമപ്രവർത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ കഥയും ഈ പുസ്തകം പങ്കുവെക്കുന്നതായി പറയുന്നു.

ഇപ്പോഴിതാ പുസ്തകം വായിച്ചവരിൽ ഒരാൾ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു പെണ്ണിന്റെ നീതിക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ട ഒരു ചാനലും അതിനകത്തെ മാധ്യമപ്രവർത്തകനും എന്ന ആ ഒരു നറേഷൻ തന്നെ തനിക്കൊരു കാലത്തും വിശ്വാസയോഗ്യമല്ലെന്നും ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്നുകയായിരുന്നു ഈ ചാനൽപ്പടയൊക്കെയും ചെയ്തതെന്നും ഫേസ്ബുക്ക് യൂസറായ അനു ചന്ദ്ര കുറിച്ചു.

കുറിപ്പിലൂടെ തുടർന്ന് വായിക്കാം...

വായനക്കാർ മണ്ടന്മാരല്ല... ഞാൻ അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നതല്ല ഇവിടത്തെ വിഷയം. ആർക്കൊപ്പമായാലും ശരി അവളുടെ അനുഭവങ്ങൾ അവളുടെ മാത്രമാണ് എന്ന ബോധ്യത്തോടെ തന്നെ ഞാനീ പുസ്തകത്തെ തള്ളി കളയുകയാണ്. കാരണം ഒരു പെണ്ണിന്റെ നീതിക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ട ഒരു ചാനലും അതിനകത്തെ മാധ്യമപ്രവർത്തകനും എന്ന ആ ഒരു നറേഷൻ തന്നെ എനിക്കൊരു കാലത്തും വിശ്വാസയോഗ്യമല്ല.

മനസിലായില്ലേ..? ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്നുകയായിരുന്നു ഈ ചാനൽപ്പടയൊക്കെ. എന്നിട്ട് ഒടുവിൽ ഇപ്പോൾ മാധ്യമപ്രവർത്തനത്തിന്റെ നീതിബോധത്തെ കുറിച്ചൊക്കെ പ്രസംഗം നടത്തുന്നു. നോക്കൂ... ഒരു മാധ്യമപ്രവർത്തകൻ എന്ന നിലക്ക് നികേഷ് കുമാറിനെയോ അയാളുടെ ഉദ്ദേശശുദ്ധിയെയോ അവരുടെ ചാനലിനെയോ അതിനകത്തെ ഈ മാധ്യമപ്രവർത്തകനെയോ പറ്റിയൊന്നും തന്നെ എനിക്ക് വലിയ അഭിപ്രായമില്ല.

ടിആർപിക്ക് വേണ്ടി ഏതോ വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തിയ ടീം ആണെന്ന് ഓർക്കണം. പിന്നെ തലക്ക് വെളിവുള്ള ആർക്കുമറിയാം ടിആർപി കൂട്ടാനായി ഇവറ്റകളൊക്കെ നടിയെ ആക്രമിച്ച കേസിന് പുറകെ എത്രത്തോളം നടന്നെന്ന്.

അതായത് ഒരു സ്ത്രീയുടെ ദുരനുഭവത്തെ വാർത്തയാക്കി മണിക്കൂറുകളോളമത് സംപ്രേഷണം ചെയ്ത് ആ വഴിക്ക് ടിആർപി ഉയർത്തിയ മാധ്യമപ്രവർത്തകർ തന്നെ ഇപ്പോൾ മാധ്യമ ധർമ്മത്തെക്കുറിച്ചൊക്കെ പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് പുച്ഛമാണ് തോന്നുന്നത്. പിന്നെ ഏറ്റവും വലിയ തമാശ എന്തെന്നാൽ പൾസർ സുനിയുമായി ഉള്ള സംഭാഷങ്ങളുടെ ഏതാണ്ടൊക്കെ രംഗങ്ങൾ ഒളിക്യാമറയിൽ പകർത്തിയെന്നും പറഞ്ഞ് റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ടല്ലോ. എന്നിട്ട് ചോറ് തിന്നുന്ന ആരേലുമത് വിശ്വസിച്ചോ? ഇല്ലല്ലോ? വിശ്വസിക്കില്ല. കാരണമെന്താ? നമ്മളൊക്കെ ചോറാണ് തിന്നുന്നത് എന്നത് കൊണ്ട് തന്നെ. പക്ഷെ അതൊക്കെ അന്ന് അതിസാഹസികമായാണ് ഇവർ ഷൂട്ട് ചെയ്തതെന്നൊക്കെ ഈ പുസ്തകത്തിലൂടെ പറയുമ്പോൾ എനിക്കെന്തോ അവിശ്വാസം വരുന്നു. ചിരിയും.

അതായത് റിപ്പോർട്ടർ ചാനലിലെ നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികളായി പുസ്തകത്തിൽ അവതരിക്കുമ്പോൾ ആ നറേഷൻ എനിക്കൊട്ടും വിശ്വാസയോഗ്യമല്ല. സത്യമായും ഇമ്മാതിരി ധാർമിക നായകരെ ഞാൻ വിശ്വസിക്കില്ല. പ്രത്യേകിച്ചും റിപ്പോർട്ടർ ചാനലിലെ ധാർമിക നായകരെ. അത്ര തന്നെ എന്നായിരുന്നു കുറിപ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/369441/journalist-r-roshipals-book-with-her-a-journalists-investigative-journey-has-been-criticized-on-social-media)