---
title: "'ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന്' നടി ഹണി റോസ് "
english_title: "Actress Honey Rose accepts Bobby Chemmannur's apology"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369282/actress-honey-rose-accepts-bobby-chemmannurs-apology"
published_at: "2026-06-29T17:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4261b34a4f4_honey.jpg"
keywords: ["Businessman Bobby Chemmannur", "actress Honey Rose", "Bobby Chemmannur's apology"]
---

# 'ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു, ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന്' നടി ഹണി റോസ് 

> **Lead Summary:** **( **[https://moviemax.in/)]** **നടി ഹണി റോസിനെതിരായ അപകീർത്തികരമായ പരാമർശങ്ങളിൽ വ്യവസായി ബോബി ചെമ്മണ്ണൂർ മാപ്പ് ചോദിച്ച സംഭവത്തിൽ പ്രതികരണവുമായി താരം രംഗത്ത്. ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്നുണ്ടായത് ഒരു നല്ല തീരുമാനമാണ്. ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് നടി ഹണി റോസ് പറഞ്ഞു.

## Article Content

**( **[https://moviemax.in/)]** **നടി ഹണി റോസിനെതിരായ അപകീർത്തികരമായ പരാമർശങ്ങളിൽ വ്യവസായി ബോബി ചെമ്മണ്ണൂർ മാപ്പ് ചോദിച്ച സംഭവത്തിൽ പ്രതികരണവുമായി താരം രംഗത്ത്. ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്നുണ്ടായത് ഒരു നല്ല തീരുമാനമാണ്. ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് നടി ഹണി റോസ് പറഞ്ഞു.

തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അവർ. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ മാതാപിതാക്കളോട് സംസാരിച്ചതായി ഹണി റോസ് പറഞ്ഞു.

ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്നുണ്ടായ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു. ബാക്കി നിയമനടപടികളുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് മാതാപിതാക്കളുമായി ആലോചിച്ച് പിന്നീട് ഒരു തീരുമാനമെടുക്കുമെന്നും ഹണി റോസ് വ്യക്തമാക്കി.

> തിങ്കളാഴ്ചയാണ് നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ വ്യവസായി ബോബി ചെമ്മണ്ണൂർ ഖേദം പ്രകടിപ്പിച്ചത്. "ഹണി റോസിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനകൾ അവർക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ വരുത്തിയ ദ്രോഹത്തിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.

> എന്റെ വാക്കുകൾക്കും അവയുണ്ടാക്കിയ ആഘാതത്തിനും ഞാൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാർഥമായ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അക്കാര്യം പരിഗണിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. പോസിറ്റീവായി മുന്നോട്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്", ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ.

ഒരു ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ ബോബി ചെമ്മണ്ണൂർ ദ്വയാർഥ പ്രയോഗംകൊണ്ട് അപമാനിച്ചുവെന്ന് ആരോപിച്ച് ഹണി റോസ് രംഗത്തെത്തിയിരുന്നു. പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും ഹണി റോസ് വെളിപ്പെടുത്തി.

ഇതോടെ പ്രതികാരമെന്നോണം സോഷ്യൽ മീഡിയയിൽ തന്റെ പേര് മന:പൂർവം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നായിരുന്നു ഹണി റോസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. പേര് പരാമർശിക്കാതെയായിരുന്നു ഹണി റോസിന്റെ കുറിപ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/369282/actress-honey-rose-accepts-bobby-chemmannurs-apology)