---
title: "ഇനി കളി മാറും, ഒപ്പം ജോണറും! ഭരതനാട്യം 3 'രാസലീല' പ്രഖ്യാപിച്ചു; ഇത്തവണ പേടിപ്പിക്കാനും ചിരിപ്പിക്കാനും സൈജു കുറുപ്പ്"
english_title: "Bharathanatyam 3 'Rasaleela', Saiju Kurup, Krishnadas Murali"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369197/bharathanatyam-3-rasaleela-saiju-kurup-krishnadas-murali"
published_at: "2026-06-29T13:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a422885497eb_Bharathanatyam_3_Rasaleela.jpg"
keywords: ["Bharathanatyam 3 'Rasaleela'", "Saiju Kurup", "Krishnadas Murali"]
---

# ഇനി കളി മാറും, ഒപ്പം ജോണറും! ഭരതനാട്യം 3 'രാസലീല' പ്രഖ്യാപിച്ചു; ഇത്തവണ പേടിപ്പിക്കാനും ചിരിപ്പിക്കാനും സൈജു കുറുപ്പ്

> **Lead Summary:** സമാനതകളില്ലാത്ത വിജയമായിരുന്നു സൈജു കുറുപ്പ് നായകനായ ഭാരതനാട്യം പരമ്പരയുടേത്. ആദ്യം ഭാഗം തിയേറ്ററില്‍ പരാജയപ്പെട്ടു. പിന്നീട് ഒടിടിയിലെത്തിയതോടെ ആരാധകര്‍ ഏറ്റെടുത്തു. ചിത്രം വലിയ ചര്‍ച്ചയായി. പിന്നാലെ വന്ന രണ്ടാം ഭാഗം തിയേറ്ററില്‍ വമ്പന്‍ വിജയം നേടി. സൈജുവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം. ഇപ്പോഴിതാ ഭരതനാട്യത്തിന്റെ മൂന്നാം ഭാഗം വരികയാണ്.

## Article Content

സമാനതകളില്ലാത്ത വിജയമായിരുന്നു സൈജു കുറുപ്പ് നായകനായ ഭാരതനാട്യം പരമ്പരയുടേത്. ആദ്യം ഭാഗം തിയേറ്ററില്‍ പരാജയപ്പെട്ടു. പിന്നീട് ഒടിടിയിലെത്തിയതോടെ ആരാധകര്‍ ഏറ്റെടുത്തു. ചിത്രം വലിയ ചര്‍ച്ചയായി. പിന്നാലെ വന്ന രണ്ടാം ഭാഗം തിയേറ്ററില്‍ വമ്പന്‍ വിജയം നേടി. സൈജുവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം. ഇപ്പോഴിതാ ഭരതനാട്യത്തിന്റെ മൂന്നാം ഭാഗം വരികയാണ്.

ആദ്യ ഭാഗം ഫീല്‍ ഗുഡ് ആയിരുന്നുവെങ്കില്‍ രണ്ടാം ഭാഗം പ്രേക്ഷകരുടെ കിളി പറത്തി വിട്ടൊരു ഡാര്‍ക് ഹ്യൂമറായിരുന്നു. സമീപകാലത്തൊന്നും ഇതുപോലെ ചിരിപ്പിച്ച സിനിമയുണ്ടാകില്ല. മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ വീണ്ടുമൊരു ജോണര്‍ ഷിഫ്റ്റ് നടത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. അനൗണ്‍സ്‌മെന്റ് വിഡിയോ നല്‍കുന്ന സൂചന മൂന്നാം ഭാഗമായ രാസലീല ഹൊറര്‍ കോമഡി ആയിരിക്കുമെന്നാണ്.

ആദ്യ ഭാഗത്തില്‍ മരിച്ച ഭരതന്‍നായരോ രണ്ടാം ഭാഗത്തില്‍ മരിച്ച ഗോവിന്ദനോ ശശിധരനേയും കുടുംബത്തേയും തേടി വരുന്നതാകും കഥയെന്നാണ് ആരാധകരുടെ അനുമാനം. നേരത്തെ ഇന്‍ ഹരിഹര്‍ നഗറിന്റെ തുടര്‍ച്ചയും സമാനമായിരുന്നു. രണ്ടാം ഭാഗം ത്രില്ലറും മൂന്നാം ഭാഗം ഹൊററുമായിരുന്നു. മൂന്നും വലിയ വിജയങ്ങളുമായി. ഈ ചരിത്രം ആവര്‍ത്തിക്കാനാണോ രാസലീലയുടെ വരവെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

ആദ്യ രണ്ട് ഭാഗങ്ങളും ഒരുക്കിയ കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗവും ഒരുക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റേയും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റേയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

സൈജു കുറുപ്പ് നായകനായ ചിത്രത്തില്‍ കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, ദിവ്യ എം നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, സ്വാതി ദാസ് പ്രഭു തുടങ്ങിയവരായിരുന്നുപ്രധാന വേഷത്തിലെത്തിയത്. രണ്ടാം ഭാഗത്തില്‍ ബേബി ജീന്‍, സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരുമെത്തി. മൂന്നാം ഭാഗത്തില്‍ ആരൊക്കെയാകും പുതിയ താരങ്ങളെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/369197/bharathanatyam-3-rasaleela-saiju-kurup-krishnadas-murali)