---
title: "‘ഇനി ദയവ് ചെയ്ത് ബട്ട് ക്യാഷ് വേണ്ട, ആ വിഷയം കഴിഞ്ഞു’; ബാദുഷയുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ച് ഹരീഷ് കണാരൻ"
english_title: "Hareesh Kanaran, Hareesh Kanaran Badusha controversy, Hareesh Kanaran Badusha settlement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369392/hareesh-kanaran-hareesh-kanaran-badusha-controversy-hareesh-kanaran-badusha-settlement"
published_at: "2026-06-30T10:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a434f8f4a90a_Hareesh_Kanaran_Badusha.jpg"
keywords: ["Hareesh Kanaran", "NM Badusha", "Malayalam Cinema"]
---

# ‘ഇനി ദയവ് ചെയ്ത് ബട്ട് ക്യാഷ് വേണ്ട, ആ വിഷയം കഴിഞ്ഞു’; ബാദുഷയുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ച് ഹരീഷ് കണാരൻ

> **Lead Summary:** പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയുമായുള്ള വ്യക്തിപരമായ തർക്കങ്ങളും പ്രശ്നങ്ങളും പൂർണ്ണമായും അവസാനിച്ചതായി നടൻ ഹരീഷ് കണാരൻ. തങ്ങൾ തമ്മിൽ നേരിട്ട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചതായി ഹരീഷ് കണാരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. കൊച്ചിയിൽ വെച്ച് മാധ്യമപ്രവർത്തകർ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു, ബാദുഷയെ ഒപ്പം നിർത്തിക്കൊണ്ട് ഹരീഷ് കണാരൻ തർക്കങ്ങൾ അവസാനിച്ചെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്.

## Article Content

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയുമായുള്ള വ്യക്തിപരമായ തർക്കങ്ങളും പ്രശ്നങ്ങളും പൂർണ്ണമായും അവസാനിച്ചതായി നടൻ ഹരീഷ് കണാരൻ. തങ്ങൾ തമ്മിൽ നേരിട്ട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചതായി ഹരീഷ് കണാരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. കൊച്ചിയിൽ വെച്ച് മാധ്യമപ്രവർത്തകർ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു, ബാദുഷയെ ഒപ്പം നിർത്തിക്കൊണ്ട് ഹരീഷ് കണാരൻ തർക്കങ്ങൾ അവസാനിച്ചെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്.

‘‘ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും പരിപാടികളുമൊക്കെ ഞങ്ങൾ സംസാരിച്ച് ക്ലിയർ ചെയ്തിട്ടുണ്ട്. ഇനി ദയവ് ചെയ്ത് ‘ബട്ട് ക്യാഷ്’ വേണ്ട, ആ വിഷയം ഇവിടെ കഴിഞ്ഞു,’’ ഹരീഷ് കണാരൻ പറഞ്ഞു. മുൻപ് കൊച്ചിയിൽ നടന്ന ഒരു വിവാഹച്ചടങ്ങിനിടെ ഇരുവരും കണ്ടുമുട്ടുകയും ഹരീഷിന്റെ ഫ്ലാറ്റിൽ വെച്ച് നടത്തിയ ചർച്ചയിൽ സാമ്പത്തിക കാര്യങ്ങളിലെ തെറ്റിദ്ധാരണകൾ പരിഹരിച്ച് പുതിയ ധാരണയിലെത്തുകയും ചെയ്തിരുന്നു.

തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ചർച്ചയാക്കി മാറ്റാൻ ശ്രമിച്ചവർക്കുള്ള മറുപടി കൂടിയായിരുന്നു മാധ്യമങ്ങൾക്ക് മുന്നിലെ ഇരുവരുടെയും ഒത്തുചേരൽ. തങ്ങൾക്കിടയിലുണ്ടായിരുന്ന എല്ലാ തെറ്റിദ്ധാരണകളും മാറിയതായും, കൊടുക്കൽ വാങ്ങലുകളിൽ കൃത്യമായ ധാരണയിലെത്തിയതായും ബാദുഷയും മുൻപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

തങ്ങളെ വിമർശിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഇരുവരും ഈ വിവാദങ്ങൾ അവസാനിപ്പിച്ചത്. ബാദുഷ തന്റെ കയ്യിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങി വഞ്ചിച്ചെന്നും, പണം തിരികെ ചോദിച്ചപ്പോൾ 'അജയന്റെ രണ്ടാം മോഷണം' ഉൾപ്പെടെയുള്ള സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ഇടപെട്ടെന്നും ഹരീഷ് കണാരൻ ആരോപിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്.

എന്നാൽ താൻ 14 ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്നും അതിൽ പകുതിയും ഡേറ്റ് ഹാൻഡിലിംഗ് പ്രതിഫലവും നൽകി തീർത്തതാണെന്നും, ഹരീഷ് കൂടുതൽ പ്രതിഫലം ചോദിച്ചതുകൊണ്ടാണ് സിനിമയിൽ നിന്ന് മാറിയതെന്നുമായിരുന്നു ബാദുഷയുടെ മറുപടി.

ഇതിന് പിന്നാലെ ബാദുഷയ്ക്കെതിരെ സൈബർ ആക്രമണവുമുണ്ടായി. സോഷ്യൽ മീ‍ഡിയയിൽ ബാദുഷ എന്ത് പോസ്റ്റ് ചെയ്താലും അതിന് താഴെ 'ഓക്കെ ബട്ട് ക്യാഷ്' എന്ന് കമന്റ് ചെയ്തായിരുന്നു ആളുകളുടെ പരിഹാസം.

### Related Links & Sources
- [Original Story Source](https://moviemax.in/news/369392/hareesh-kanaran-hareesh-kanaran-badusha-controversy-hareesh-kanaran-badusha-settlement)