#Latest News #Tourist Guide Missing #Anakampoyil #Kozhikode
കോഴിക്കോട് :( www.truevisionnews.com ) ഇരുവഴിഞ്ഞി പുഴയിൽ ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിനോദ സഞ്ചാര ഗൈഡിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ സ്വദേശി ശിബിലി (25) ആണ് ശനിയാഴ്ച വൈകിട്ട് ഒഴുക്കിൽപ്പെട്ടത്.
കർണാടകയിൽ നിന്ന് എത്തിയ 11 അംഗ സഞ്ചാരികളുടെ ഗൈഡായി വന്നതായിരുന്നു ശിബിലി. ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്.
മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. മുക്കത്ത് നിന്ന് എത്തിയ അഗ്‌നി രക്ഷാ സേന ഞാറാഴ്ച രാവിലെ ഏഴോടെ ഷിബിലിക്കായി തിരച്ചിൽ തുടങ്ങി. കോഴിക്കോട് നിന്ന് എത്തിയ അഗ്‌നി രക്ഷ സേന സ്‌കൂബ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങി തിരച്ചിൽ നടത്തി. സന്നദ്ധ പ്രവർത്തകർ ഡ്രോൺ ഉപയോഗിച്ചും യുവാവിനെ കണ്ടെത്താൻ ശ്രമിച്ചു .
ഉച്ചക്ക് പുഴയിൽ മലവെള്ള പാച്ചിലുണ്ടായതിനെ തുടർന്ന് തിരച്ചിൽ നിർത്തി വെക്കുകയായിരുന്നു. മലവെള്ള പാച്ചിലിൽ അഗ്‌നിരക്ഷാ സേനാഗംങ്ങൾ പുഴയുടെ ഇരുകരകളിലേക്കും കയറി രക്ഷപ്പെട്ടു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ. അഹമ്മദ് റഹീഷിന്റെ നേതൃത്വത്തിൽ ആണ് തിരച്ചിൽ നടത്തിയത്. തിരുവമ്പാടി, കോടഞ്ചേരി പൊലീസും സ്ഥലത്തുണ്ടായിരുന്നു.
തുടർന്ന്, ഇന്ന് രാവിലെ കേരള ഫയർ ആൻഡ് റെസ്ക്യൂ ടീം, 'എൻ്റെ മുക്കം' സന്നദ്ധസേന, 'കർമ' ഓമശ്ശേരി എന്നീ കൂട്ടായ്മകളും വിവിധ പ്രാദേശിക സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Content Highlight: Body of missing tourist guide found floating in Iruvazhinjhi River at Anakampoyil Patangayam

































