---
title: "'രോഗത്തിന്റെ വേദനയേക്കാൾ അവരെ തളർത്തുന്നത് ഈ തെറിവിളികളാണ്'; രേണുവിനെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ സീമ ജി നായർ"
english_title: "Seema G Nair, Renu Sudhi, Renu Sudhi's cancer illness, Cyberattack against Renu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369122/seema-g-nair-renu-sudhi-renu-sudhis-cancer-illness-cyberattack-against-renu"
published_at: "2026-06-29T09:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41ec903e931_Seema_G_Nair,_Renu_Sudhi,.jpg"
keywords: ["Seema G Nair", "Renu Sudhi", "Renu Sudhi Cancer", "Cyber Bullying", "Support Renu Sudhi"]
---

# 'രോഗത്തിന്റെ വേദനയേക്കാൾ അവരെ തളർത്തുന്നത് ഈ തെറിവിളികളാണ്'; രേണുവിനെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ സീമ ജി നായർ

> **Lead Summary:** കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയെക്കുറിച്ച് മനസ്സുതുറന്ന് നടി സീമ ജി നായർ. സോഷ്യൽ മീഡിയയിലൂടെ രേണുവിനെ സ്ഥിരമായി ഫോളോ ചെയ്യുന്ന വ്യക്തിയായിരുന്നു താനെന്നും, എന്നാൽ അവർക്ക് കാൻസർ ആണെന്ന് അറിഞ്ഞ ദിവസം മുതൽ നിരന്തരം വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നുവെന്നും സീമ പറയുന്നു. കഴിഞ്ഞ ദിവസം രേണുവിനെ നേരിൽ പോയി കണ്ടതായും അവർ കൂട്ടിച്ചേർത്തു.

## Article Content

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയെക്കുറിച്ച് മനസ്സുതുറന്ന് നടി സീമ ജി നായർ. സോഷ്യൽ മീഡിയയിലൂടെ രേണുവിനെ സ്ഥിരമായി ഫോളോ ചെയ്യുന്ന വ്യക്തിയായിരുന്നു താനെന്നും, എന്നാൽ അവർക്ക് കാൻസർ ആണെന്ന് അറിഞ്ഞ ദിവസം മുതൽ നിരന്തരം വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നുവെന്നും സീമ പറയുന്നു. കഴിഞ്ഞ ദിവസം രേണുവിനെ നേരിൽ പോയി കണ്ടതായും അവർ കൂട്ടിച്ചേർത്തു.

രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകൾ തന്നെ വല്ലാതെ അലോസരപ്പെടുത്തിയെന്ന് സീമ ജി നായർ വ്യക്തമാക്കി. രോഗത്തിന്റെ വേദനയേക്കാൾ ഉപരിയായി രേണുവിനെ ഇപ്പോൾ മാനസികമായി തളർത്തുന്നത് ഇത്തരം തെറിവിളികളും ശാപവാക്കുകളുമായിരിക്കാമെന്നും സീമ സങ്കടത്തോടെ പങ്കുവെച്ചു.

കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ചില കാര്യങ്ങൾ എഴുത്തണമെന്ന് വിചാരിച്ചിരുന്നു, ഞാൻ രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയോ, രേണുവിന്റെ വീഡിയോ കാണുന്ന ആളോ ആയിരുന്നില്ല, പക്ഷെ രേണുവിന് കാൻസർ ആണെന്നറിഞ്ഞ ദിവസം മുതൽ അവരെ വിളിക്കാനും, കാര്യങ്ങൾ അറിയാനും ശ്രമിച്ചു, കഴിഞ്ഞ ദിവസം രേണുവിന്റെ അടുത്ത് പോയിരുന്നു, രേണുവിനെ കണ്ടിരുന്നു. .എന്റെ ജീവിതത്തിൽ ഞാൻ അറിഞ്ഞും, അറിയാതെയും കടന്നു വന്ന ഇത്തരത്തിൽ ഒരുപാടുപേർ ഉണ്ടായിരുന്നു,ഇപ്പോളും ഉണ്ട്, ഇന്നലെവരെ അവർ ആരെന്നോ, എന്തെന്നോ അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല, ഇനി അങ്ങോട്ടും അങ്ങനെ തന്നെ...പക്ഷെ ഈ അസുഖം എന്താണെന്നും, അതെങ്ങനെ ആവും എന്നറിയാനും ഞാൻ ശ്രമിച്ചിട്ടുണ്ട്,എല്ലാദിവസവും ഈശ്വരനോട് പ്രാർത്ഥിക്കുന്നത് ആർക്കും ഈ അസുഖം വരുത്തല്ലേയെന്നാണ്.നിരവധിപേരുടെ കൂടെ ഞാൻ യാത്ര ചെയ്തു, എന്റെ അമ്മയ്ക്കും ഇതേ അസുഖം ആയിരുന്നു..പല വേർപാടുകളും ഇപ്പോളും ഉൾകൊള്ളാൻ കഴിയുന്നുമില്ലാതാനും. .

ഇന്നലെ വരെ ഒരാളുടെ തണലിൽ ജീവിച്ചിരുന്ന വ്യക്തി, പെട്ടെന്ന് അയാൾ ഇല്ലാതാകുമ്പോൾ..മുന്നോട്ടു ഇനിയും ജീവിച്ചേ മതിയാകു എന്നവസ്ഥയിൽ അവനവന് പറ്റുമെന്നു അവർക്കു തോന്നുന്ന ജോലി ചെയ്യാൻ ശ്രമിക്കും, കാണേണ്ടവർക്ക് കാണാം, ഇല്ലാത്തവർക്ക് തിരസ്‌ക്കരിക്കാം, ആരുടെ കയ്യും, കാലും പിടിച്ച് എന്റെ വർക്ക്‌ നിങ്ങൾ കണ്ടേ മതിയാകു എന്നാവശ്യപ്പെട്ടിട്ടില്ല..ചിലപ്പോൾ അവർ ജീവിതത്തെ പിടിച്ച് നിർത്താൻ ശ്രമിച്ചതാവാം. .

രേണുവിന് അസുഖം ആയിക്കഴിഞ്ഞ്, അവരുടെ വീഡിയോ കണ്ടപ്പോൾ, അതിന്റെ താഴെ വന്ന നെഗറ്റിവ് കമന്റ് മനസ്സിനെ വല്ലാതെ അലോസരപെടുത്തി, എന്തിനാണ് നമ്മൾ ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നത്, ഈ അസുഖം ആർക്കു വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും വരാം, ഇപ്പോൾ തെറി വിളിക്കുന്ന പലരുടെയും ഉള്ളിൽ ഇതുണ്ടാകാം, ചിലപ്പോൾ ലാസ്റ്റ് നിമിഷമാകാം ഇതറിയുന്നത്..എന്തിനാണ് അവരെ തെറി വിളിക്കാൻ നമ്മൾ മത്സരിക്കുന്നത്. .അവർ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരമാണ്, അതി കഠിനമാണ്..അതിനെ അതിജീവിക്കാൻ രേണുവിന് കഴിയട്ടെ. .അസുഖത്തിന്റെ വേദനയിലുപരി, അതിന്റെ കാഠിന്യത്തിലുപരി, രേണു പുറത്തു പറഞ്ഞില്ലെങ്കിലും അവരെ വേദനിപ്പിക്കുന്നത്, ഇങ്ങനെയുള്ള തെറി വിളികളും, ശാപവാക്കുകളും ആവാം. അതുകൊണ്ട് പറയുവാണ്, അവരെ വെറുതെ വിടു. കാൻസറിനോട് പൊരുതി അവർ തിരിച്ചു വരട്ടെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/369122/seema-g-nair-renu-sudhi-renu-sudhis-cancer-illness-cyberattack-against-renu)