#Latest News #Thrissur Ganja Seizure #Kunnamkulam Police
തൃശൂർ: (https://truevisionnews.com/) തൃശൂർ പെരുമ്പിലാവ് പട്ടാമ്പി റോഡിൽ വൻ കഞ്ചാവ് വേട്ട. 35 കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് പിടിയിലായത്.
കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ചേർന്ന് ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഇത്രയും വലിയ തോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സംഘം പെരുമ്പിലാവ് പട്ടാമ്പി റോഡിൽ പരിശോധന കർശനമാക്കിയത്.
സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതികളോട് വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ സംഭവ സ്ഥലത്ത് നിന്നും പ്രതികൾ അമിതവേഗതയിൽ രക്ഷപ്പെടാൻ ശ്രമം നടത്തി. പിന്നാലെ എത്തിയ പൊലീസിനെ വെട്ടിച്ച് കടക്കുന്നതിനായി പ്രതികൾ പൊലീസിന്റെ വാഹനത്തിൽ ഇടിപ്പിക്കുകയും ചെയ്തു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷിന്റെ വാഹനത്തിലാണ് കാർ ഇടിപ്പിച്ചത്. തുടർന്ന് പൊലീസ് പ്രതികളെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
പിടിയിലായ സനൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ 'ആന്റി സോഷ്യൽ' ലിസ്റ്റിൽ ഉൾപ്പെട്ട കുറ്റവാളിയാണ്. പിടിച്ചെടുത്ത കഞ്ചാവ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചതാണെന്ന് പ്രതികൾ പ്രാഥമിക ചോദ്യംചെയ്യലിൽ മൊഴിനൽകി.
Content Highlight: Perumpilavu ganja seizure, Youth who tried to evade police arrested
































