#Verbal argument #Vandiperiyar #Brutal torture #Tourist
ഇടുക്കി: (https://truevisionnews.com/) വാക്കുതർക്കത്തെ തുടർന്ന് ഇടുക്കി വണ്ടിപ്പെരിയാറിൽ വിനോദസഞ്ചാരിയെ മർദ്ദിച്ച് കൈ തല്ലിയൊടിച്ച സംഭവത്തിൽ രണ്ട് ജീപ്പ് ഡ്രൈവർമാർ അറസ്റ്റിലായി. കുമളി സ്വദേശികളായ സഹോദരങ്ങൾ കലേഷ് കണ്ണൻ, കാർത്തിക്ക് കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ പട്ടിക്കാട് സ്വദേശി അനീഷിനാണ് മർദ്ദനമേറ്റത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. കുമളിയിലെ സത്രം ഭാഗത്ത് ജീപ്പ് ഡ്രൈവർമാർ ഓഫ് റോഡ് ഡ്രൈവിങ് നടത്തുന്ന സ്ഥലത്തിലൂടെ തൃശൂരിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ ബൈക്കിൽ യാത്ര ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്.
ജീപ്പ് ഡ്രൈവർമാർക്കിടയിൽ ചിലർക്കുണ്ടായ എതിർപ്പ് വിനോദസഞ്ചാരികളുമായുള്ള വാക്ക് തർക്കത്തിലേക്കും തുടർന്ന് കയ്യേറ്റത്തിലേക്കും കൊണ്ടെത്തിക്കുകയായിരുന്നു.
പ്രശ്നം രമ്യമായി പരിഹരിച്ച് തൃശൂർ സ്വദേശികളായ സഞ്ചാരികൾ തങ്ങളുടെ താമസസ്ഥലത്തേക്ക് പോയെങ്കിലും ഇരുപതോളം ജീപ്പ് ഡ്രൈവർ ചേർന്ന് റിസോട്ടിലെത്തി ഇവരെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ അനീഷിന്‍റെ കൈ ഒടിയുകയും ഗുരുതരമായി മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്.
തുടർന്ന് റിസോർട്ട് ജീവനക്കാർ തന്നെയാണ് ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. അനീഷിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
Content Highlight: Drivers arrested for breaking tourist's hand in Vandiperiyar
































