#Latest News #Thiruvanandpuram #Stale Fish #Food Poisoning
തിരുവനന്തപുരം: (truevisionnews.com) തലസ്ഥാന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരം, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലായി 25-ഓളം പേരാണ് ചികിത്സ തേടിയത്.
ഉഴമലയ്ക്കൽ ചാരുംമൂട്ടിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർക്ക് ഭക്ഷ്യവിഷബാധയേറ്റത് പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്രോളിങ് നിരോധനത്തിന് പിന്നാലെ വിപണിയിൽ എത്തുന്ന മത്സ്യങ്ങളുടെ അളവ് വർധിച്ചിട്ടുണ്ടെങ്കിലും, അവയുടെ ഗുണനിലവാരം പരിശോധിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി.
അമിതമായ ഐസും രാസവസ്തുക്കളും ചേർത്ത് ദിവസങ്ങളുടെ പഴക്കമുള്ള മത്സ്യം പുതിയതാണെന്ന വ്യാജേന വിപണിയിലെത്തിക്കുന്നതായാണ് ആരോപണം. ആര്യനാട്-വെള്ളറട, അഞ്ചുതെങ്ങ് തുടങ്ങിയ പ്രധാന മത്സ്യ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് ദിനംപ്രതി നൂറിലധികം ലോറികളിലാണ് മത്സ്യം എത്തുന്നത്.
ഇവ പിന്നീട് ചെറിയ മാർക്കറ്റുകളിലേക്കും വീടുകളിലേക്കും വിതരണം ചെയ്യപ്പെടുന്നു. വിലക്കുറവ് കണ്ട് ആളുകൾ ഈ മത്സ്യം വാങ്ങുമ്പോൾ, രാസവസ്തുക്കൾ കലർത്തിയതിനാലാണ് പലപ്പോഴും പഴക്കത്തെക്കുറിച്ച് തിരിച്ചറിയാൻ കഴിയാത്തത്.
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ നിരവധി പേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്.എ.ടി ആശുപത്രിയിലുമായി ചികിത്സയിലാണ്. കടുത്ത ഛർദ്ദി, വയറിളക്കം, ശരീരത്തിൽ ചൊറിച്ചിൽ, കാലുകളിൽ നീര് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
വിപണിയിലെത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും, സംഭരണ-വിതരണ കേന്ദ്രങ്ങളിൽ കർശന പരിശോധന നടത്താനും ഭക്ഷ്യസുരക്ഷാ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlight: Food poisoning from eating stale fish

































