#Latest News #Gas Inhalation #Gujarat
സൂറത്ത്: ( https://truevisionnews.com/) ഗുജറാത്തിലെ സൂറത്തിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. സൂറത്തിലെ അശ്വിനി കുമാറിൽ പ്രവർത്തിക്കുന്ന സ്വർണാഭരണ നിർമ്മാണ യൂണിറ്റിലാണ് സംഭവം. സ്വർണം ശുദ്ധീകരിക്കുമ്പോൾ പുറന്തള്ളുന്ന രാസമാലിന്യങ്ങൾ ശേഖരിക്കാനായി നിർമ്മിച്ചിട്ടുള്ള ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സാധാരണയായി രണ്ട് മാസത്തിലൊരിക്കലാണ് ഈ ടാങ്ക് വൃത്തിയാക്കാറുള്ളത്.
ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ടാങ്ക് വൃത്തിയാക്കുന്നതിനായി ഒരു സൂപ്പർവൈസറും മൂന്ന് തൊഴിലാളികളുമടങ്ങുന്ന സംഘം ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ, ഉള്ളിലേക്ക് കടന്നയുടൻ തന്നെ ടാങ്കിൽ നിറഞ്ഞുനിന്നിരുന്ന വിഷവാതകം ശ്വസിച്ച് നാല് പേരും കുഴഞ്ഞുവീണു. ശ്വാസംമുട്ടിയാണ് ഇവർ മരണപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ശുചീകരണ പ്രവർത്തനങ്ങൾക്കിടെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെ പാലിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വന്നിട്ടും തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളൊന്നും തന്നെ കമ്പനി അധികൃതർ നൽകിയിരുന്നില്ല. ടാങ്കിൽ ആളുകൾ കുഴഞ്ഞുവീണ വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന ഉടൻ തന്നെ സ്ഥലത്തെത്തി ഇവരെ പുറത്തെടുത്തിരുന്നു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടമരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിർമാണ യൂണിറ്റിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമായി പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
Content Highlight: Four workers die after inhaling toxic gas while cleaning septic tank
































