#Latest News #Lpg #Price #Central Government
ന്യൂഡൽഹി: (truevisionnews.com) ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർദ്ധിപ്പിച്ചതിന് പിന്നാലെ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ എൽ.പി.ജി. വില വളരെ കുറവാണെന്ന അവകാശവാദവുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം രംഗത്ത്.
ഞായറാഴ്ച മുതൽ ഗാർഹിക സിലിണ്ടറുകൾക്ക് 29 രൂപ വർദ്ധിപ്പിച്ചതോടെയാണ് കേന്ദ്ര സർക്കാർ ഔദ്യോഗിക വിശദീകരണവുമായി വാർത്താക്കുറിപ്പ് ഇറക്കിയത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്.
പുതിയ വിലവർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്നും 942 രൂപയായി ഉയർന്നു. നേരത്തെ മാർച്ച് ഏഴിന് സിലിണ്ടറുകൾക്ക് 60 രൂപയും വർദ്ധിപ്പിച്ചിരുന്നു.
രാജ്യാന്തര വിപണിയിൽ വില കുത്തനെ ഉയർന്ന സമയങ്ങളിലെല്ലാം അതിന്റെ ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാതെ സർക്കാർ തന്നെയാണ് ഏറ്റെടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
ഗാർഹിക ഉപഭോക്താക്കൾ നൽകേണ്ടി വരുന്ന തുക നിയന്ത്രിക്കാൻ സർക്കാർ ഇപ്പോഴും സബ്സിഡി നൽകി ഇടപെടുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് പ്രതിവർഷം ആദ്യത്തെ നാല് റീഫില്ലുകൾക്ക് സിലിണ്ടറൊന്നിന് 300 രൂപ വീതം നേരിട്ട് അക്കൗണ്ടിലേക്ക് നൽകുന്നുണ്ട്.
ഫലത്തിൽ ഇവർക്ക് 642 രൂപ മാത്രമേ ഒരു സിലിണ്ടറിന് ചിലവാകുന്നുള്ളൂ. ഈ തുക രാജ്യാന്തര വിലയേക്കാൾ 60 ശതമാനം കുറവാണ്. ഉജ്ജ്വല പദ്ധതിയിൽ ഉൾപ്പെടാത്ത സാധാരണ കുടുംബങ്ങൾ പോലും സിലിണ്ടറിന്റെ യഥാർത്ഥ വിപണി വിലയേക്കാൾ 700 രൂപയോളം കുറവാണ് നൽകുന്നതെന്നും ഇത് രാജ്യാന്തര വിപണി നിരക്കിനേക്കാൾ 45 ശതമാനം കുറവാണെന്നും മന്ത്രാലയം അവകാശപ്പെടുന്നു.
ഇന്ത്യയിലെ പാചകവാതക നിരക്കുകൾ മറ്റ് അയൽരാജ്യങ്ങളുമായും വികസിത രാജ്യങ്ങളുമായും താരതമ്യം ചെയ്താണ് മന്ത്രാലയം ന്യായീകരണം നിരത്തുന്നത്. ഇന്ത്യയിൽ ഉജ്ജ്വല പദ്ധതി പ്രകാരം സിലിണ്ടർ വില 642 രൂപയായിരിക്കുമ്പോൾ പാക്കിസ്ഥാനിൽ 1,046 രൂപയും, നേപ്പാളിൽ 1,207 രൂപയും, ബംഗ്ലദേശിൽ 1,225 രൂപയും, ശ്രീലങ്കയിൽ 1,241 രൂപയുമാണ് വില.
അമേരിക്കയിൽ ഇത് 1,755 രൂപയും കാനഡയിൽ 2,411 രൂപയോളവുമാണ് ഈടാക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് ശേഷമാണ് എൽ.പി.ജി. വിലയിൽ ഈ വർദ്ധനവുണ്ടായതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, വിദേശരാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ ഇന്ത്യൻ ജനതയുടെ വാങ്ങൽ ശേഷിയെയോ ആളോഹരി വരുമാനത്തെയോ കണക്കിലെടുത്തിട്ടില്ലെന്ന വിമർശനവും ശക്തമാണ്.
ഇന്ത്യയിലെ സാധാരണക്കാരുടെ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോൾ ഇപ്പോഴത്തെ ഈ വിലവർദ്ധനവ് കുടുംബ ബജറ്റുകളെ താളംതെറ്റിക്കുന്ന വലിയൊരു ബാധ്യത തന്നെയാണ്.
Content Highlight: The central government explains that cooking gas is cheaper in India than in foreign countries.

































