#Latest News #Malappuram #Environmentalist #Found Dead
മലപ്പുറം: (truevisionnews.com) ചാലിയാർ പുഴയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തി നാടിന്റെ ശ്രദ്ധനേടിയ യുവ പരിസ്ഥിതി പ്രവർത്തകൻ എടവണ്ണ കല്ലിടുമ്പ് സ്വദേശി പൂവമണ്ണിൽ ഷാഹിനെ (38) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
വ്യാഴാഴ്ച രാത്രി പുഴയിൽ മീൻ പിടിക്കാൻ പോയ ഷാഹിൻ ഏറെ വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അർധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ഒഴുക്കിൽപ്പെട്ട നിലയിൽ തോണി കണ്ട് സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് തിരുവാലി ഫയർഫോഴ്സും എടവണ്ണ പൊലീസും എമർജൻസി രക്ഷാപ്രവർത്തകരും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
ചാലിയാറിന്റെ തീരത്ത് വളർന്ന്, ചെറുപ്പം മുതലേ ആ പുഴയെ നെഞ്ചിലേറ്റിയ ഷാഹിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വർഷം തോറും സ്വന്തം തോണിയിൽ ഒറ്റയ്ക്ക് ചാലിയാറിലിറങ്ങി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പുഴ ശുദ്ധീകരിച്ചിരുന്ന ഷാഹിന്റെ പ്രവർത്തനങ്ങൾ വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടിയിരുന്നു.
എടവണ്ണ കല്ലിടുമ്പിൽ ആര്യൻതൊടിക പൂവമണ്ണിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഉമ്മറിന്റെ മകനായ ഷാഹിൻ ഒപ്റ്റിക്കൽസ് ഷോപ്പിലെ ജോലി ഉപേക്ഷിച്ചാണ് ചാലിയാറിനെ ഉപജീവനമാക്കാൻ ഒരു തോണിയും വലയും സ്വന്തമാക്കിയത്.
പുഴമീൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ബിസിനസ് ചെയ്യുന്നതിനൊപ്പം തന്നെ, പുഴയിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ അദ്ദേഹം സ്വയം പോരാടാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു.
വലയിട്ട് കാത്തിരിക്കുന്ന ഇടവേളകളിൽ പുഴയിൽ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ ശേഖരിച്ച് തോണിയിൽ നിറച്ച് കരയ്ക്കെത്തിക്കുന്നത് അദ്ദേഹം പതിവാക്കി. പുഴസംരക്ഷണത്തിന് പുറമേ പരിസ്ഥിതി സൗഹൃദപരമായ ജീവിതരീതിയായിരുന്നു ഷാഹിന്റേത്. പുഴക്കരയിലും സ്വന്തം പറമ്പിലും ജൈവകൃഷി നടത്തിയും വിഷരഹിത ആഹാരശീലം പ്രോത്സാഹിപ്പിച്ചും അദ്ദേഹം മറ്റുള്ളവർക്ക് മാതൃകയായി.
സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ഇസ്ലാഹി പ്രസ്ഥാനത്തിലും സജീവമായിരുന്ന ഷാഹിൻ, നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന 'കല്ലിടുമ്പ് വോയ്സ്' ടീമിലെ ഒരു പ്രധാന നിറസാന്നിധ്യമായിരുന്നു. പരേതയായ മറിയമാണ് മാതാവ്. ഭാര്യ: ഫർഹാന നസ്രിൻ പി.സി (ഇരിവേറ്റി). സഹോദരങ്ങൾ: സിനി (ഇരിവേറ്റി), ഷംന (എടക്കര).
Content Highlight: who fought alone to clean the river, found dead


































