#Latest News #Kozhikode #V. Sivankutty #PM Shri Scheme #UDF
കോഴിക്കോട്: (truevisionnews.com) കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യു.ഡി.എഫ്. സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ പൊതുവിദ്യാഭ്യാസ മന്ത്രിയും സി.പി.എം. നേതാവുമായ വി. ശിവൻകുട്ടി രംഗത്ത്.
പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുൻപ് എൽ.ഡി.എഫ്. സർക്കാർ രേഖാമൂലം തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എൽ.ഡി.എഫ്. സർക്കാർ ഈ പദ്ധതിയിൽ ഒപ്പിട്ട് പണം വാങ്ങിയിട്ടുണ്ടെന്ന പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവൻകുട്ടിയുടെ ഈ പ്രതികരണം.
എൽ.ഡി.എഫ്. സർക്കാർ തുടക്കത്തിൽ പദ്ധതിയിൽ ഒപ്പുവെച്ചിരുന്നു എന്നത് ശരിയാണെങ്കിലും പിന്നീട് അത് ഒഴിവാക്കുകയും കൃത്യമായ നിലപാട് വ്യക്തമാക്കി കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.
പി.എം. ശ്രീ പദ്ധതിയും എസ്.എസ്.കെ. (SSK) ഫണ്ടും രണ്ടാണെന്നും കേന്ദ്രം കണക്കുകളിൽ കാണിക്കുന്ന വിവേചനം വളരെ വ്യക്തമാണെന്നും മുൻ മന്ത്രി ചൂണ്ടിക്കാട്ടി. സംഘപരിവാർ നയങ്ങൾ കേരളത്തിൽ നടപ്പാക്കാനാണ് യു.ഡി.എഫ്. സർക്കാർ ശ്രമിക്കുന്നത്.
മുൻപ് എൽ.ഡി.എഫ്. ഭരണകാലത്ത് പദ്ധതിയെ എതിർത്ത കെ.എം. ഷാജി ഉൾപ്പെടെയുള്ള യു.ഡി.എഫ്. നേതാക്കൾ ഇപ്പോൾ എവിടെപ്പോയെന്നും അന്ന് തങ്ങളെ വേട്ടയാടിയവർ ഇന്ന് പദ്ധതിക്കായി രംഗത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
നിലവിലെ യു.ഡി.എഫ്. സർക്കാർ കേന്ദ്രത്തിന് പാദവേല ചെയ്യുകയാണെന്നും ശിവൻകുട്ടി തുറന്നടിച്ചു. അതേസമയം, പി.എം. ശ്രീ പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാനത്തിന്റെ നിലവിലെ വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്തേണ്ടി വരില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ മന്ത്രിക്ക് നൽകിയ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്.
കേന്ദ്ര നിബന്ധനകൾ മറികടന്ന് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്നും, സംസ്ഥാനത്തിന് അത്യാവശ്യമായ എസ്.എസ്.കെ. ഫണ്ട് ലഭ്യമാകണമെങ്കിൽ ഈ പദ്ധതിയുമായി മുന്നോട്ട് പോയേ തീരൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്ര ഫണ്ടുകൾ പൂർണ്ണമായി തടസ്സപ്പെടുമെന്ന ആശങ്കയും റിപ്പോർട്ട് പങ്കുവെക്കുന്നു.
Content Highlight: V. Sivankutty says UDF is doing a service to the Centre





























