#Latest News #Kerala Police #Recommendation For Major Restructuring Of The Police #Thiruvanandapuram
തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തന പരിഷ്കരണവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിന് വിദഗ്ധ സമിതിയുടെ നിർണ്ണായക റിപ്പോർട്ട്.
നിലവിലുള്ള 484 പൊലീസ് സ്റ്റേഷനുകളിൽ വെറും 64 എണ്ണത്തിൽ മാത്രം എസ്എച്ച്ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) സംവിധാനം നിലനിർത്തിയാൽ മതിയെന്നാണ് സമിതിയുടെ പ്രധാന ശുപാർശ.
ബാക്കിയുള്ള സ്റ്റേഷനുകളെ സർക്കിൾ പദവിയിലേക്ക് മാറ്റാനും ഇതിനായി സംസ്ഥാനത്താകെ 212 സർക്കിളുകൾ രൂപീകരിക്കാനും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഓരോ ജില്ലയിലെയും എസ്പിമാരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് സമിതി ഈ തീരുമാനത്തിൽ എത്തിയത്.
മുൻപ് പിണറായി സർക്കാരിന്റെ കാലത്തായിരുന്നു 480 സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരായി ഇൻസ്പെക്ടർമാരെ നിയമിച്ചിരുന്നത്. എന്നാൽ ഈ സംവിധാനം പരാജയമാണെന്ന് രണ്ട് വർഷം മുൻപ് ഡിജിപി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.
തുടർന്ന് പുതിയ സർക്കാർ അധികാരത്തിലേറിയതോടെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയം വീണ്ടും പഠിച്ച് റിപ്പോർട്ട് നൽകാൻ പുതിയ സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
കേസുകളുടെ എണ്ണവും ക്രമസമാധാന അന്തരീക്ഷവും കൃത്യമായി വിലയിരുത്തിയാണ് പുതിയ പരിഷ്കാരങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് ചില സർക്കിളുകളുടെ കീഴിൽ മൂന്ന് സ്റ്റേഷനുകൾ വരെ ഉൾപ്പെടും.
പ്രധാന സ്റ്റേഷനുകൾ ഒഴികെ, മറ്റുള്ളവയിൽ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന രീതിയിലാകും ഇനി കാര്യങ്ങൾ. വർഷത്തിൽ ആയിരത്തിൽ താഴെ മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളുടെ ഭരണം ഇനി മുതൽ എസ്ഐമാർക്ക് കൈമാറും.
ഇതോടെ ഉണ്ടാകുന്ന സിഐമാരുടെ അധികതസ്തികകൾ സൈബർ, പോക്സോ ഡിവിഷനുകളിലേക്ക് മാറ്റി നിയമിക്കാനാണ് പദ്ധതി. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആഭ്യന്തര വകുപ്പ് നടപ്പിലാക്കാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഭരണപരമായ പരിഷ്കാരങ്ങളിൽ ഒന്നായി ഇത് മാറും.
Content Highlight: Recommendation for major restructuring in Kerala Police
#Latest News #Kerala Police #Recommendation For Major Restructuring Of The Police #Thiruvanandapuram





























