#Latest News #Chengannur #Pamba River #Human Skull #Bones
ചെങ്ങന്നൂർ: (truevisionnews.com) പമ്പാനദിയിൽ കല്ലിശ്ശേരി റെയിൽവേ പാലത്തിന് സമീപത്തുനിന്ന് ചാക്കിൽക്കെട്ടിയ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ നദിയിൽ ചൂണ്ടയിടുകയായിരുന്ന രണ്ട് യുവാക്കളാണ് കനത്ത ഭാരമുള്ള ചാക്കുകെട്ട് കണ്ടെത്തിയത്.
ചൂണ്ടയിൽ എന്തോ കുടുങ്ങിയതിനെ തുടർന്ന് ഇവർ ആറ്റിലിറങ്ങി പരിശോധിച്ചപ്പോഴാണ് നദിയിൽ താഴ്ന്നുകിടന്ന ചാക്ക് ശ്രദ്ധയിൽപ്പെട്ടത്. കരയ്‌ക്കെത്തിച്ച് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഇത് തുറന്നു നോക്കിയപ്പോഴാണ് ഉള്ളിൽ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ചില ക്രൈസ്തവ വിഭാഗങ്ങൾ ശവസംസ്കാര ചടങ്ങുകൾക്കായി ഉപയോഗിക്കുന്ന വിശുദ്ധവസ്ത്രം, മഞ്ഞനിറത്തിലുള്ള പട്ട്, ശവപ്പെട്ടിയുടെ കൈപ്പിടി എന്നിവയും അസ്ഥികൾക്കൊപ്പം ചാക്കിൽ അടക്കം ചെയ്തിരുന്നു.
സംഭവമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയിൽ ഈ അസ്ഥികൾക്ക് നല്ല പഴക്കമുണ്ടെന്നും, തുടയെല്ലിന്റെ നീളം കണക്കാക്കുമ്പോൾ മരിച്ചയാൾക്ക് ആറടിയോളം ഉയരമുണ്ടായിരിക്കാമെന്നും ചെങ്ങന്നൂർ ഡിവൈ.എസ്.പി. സന്തോഷ്‌കുമാർ വ്യക്തമാക്കി.
അസ്ഥികളിലോ തലയോട്ടിയിലോ പരിക്കേറ്റതിന്റെ പാടുകളുണ്ടോ എന്ന് കണ്ടെത്താനും കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കുമായി ഇവ ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും ഫൊറൻസിക് ലാബിലേക്കും അയച്ചിട്ടുണ്ട്.
Content Highlight: Human skull and bones found in Pampa River


































