---
title: "'എന്നെ ഉസ്താദ് ആക്കാനായിരുന്നു ഉമ്മയ്ക്കും വാപ്പയ്ക്കും ഇഷ്ടം'; കുട്ടിക്കാലത്തെ സ്വപ്നങ്ങളെക്കുറിച്ച് നാദിറയുടെ തുറന്നുപറച്ചിൽ"
english_title: "Nadira's candid account of her childhood dreams"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363202/nadiras-candid-account-of-her-childhood-dreams"
published_at: "2026-06-01T17:05:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d704548e00_TYERT.jpg"
keywords: ["LATEST NEWS", "BIGGBOSS", "NADIRA"]
---

# 'എന്നെ ഉസ്താദ് ആക്കാനായിരുന്നു ഉമ്മയ്ക്കും വാപ്പയ്ക്കും ഇഷ്ടം'; കുട്ടിക്കാലത്തെ സ്വപ്നങ്ങളെക്കുറിച്ച് നാദിറയുടെ തുറന്നുപറച്ചിൽ

> **Lead Summary:** **[**ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ട്രാൻസ്ജെൻഡർ താരമാണ് നാദിറ മെഹ്റിൻ. ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച നാദിറ, മണി ബോക്സ് സ്വന്തമാക്കിയാണ് പുറത്തിറങ്ങിയത്. നിലവിൽ വാർത്താ അവതാരികയായും തിളങ്ങുന്ന നാദിറ, തന്റെ കുട്ടിക്കാലത്തെക്കുറിച്ചും മാതാപിതാക്കളുടെ ആഗ്രഹങ്ങളെക്കുറിച്ചും പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

## Article Content

**[**ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ട്രാൻസ്ജെൻഡർ താരമാണ് നാദിറ മെഹ്റിൻ. ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച നാദിറ, മണി ബോക്സ് സ്വന്തമാക്കിയാണ് പുറത്തിറങ്ങിയത്. നിലവിൽ വാർത്താ അവതാരികയായും തിളങ്ങുന്ന നാദിറ, തന്റെ കുട്ടിക്കാലത്തെക്കുറിച്ചും മാതാപിതാക്കളുടെ ആഗ്രഹങ്ങളെക്കുറിച്ചും പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

> "ഞാൻ കറുത്തിരുന്നാലും വെളുത്തിരുന്നാലും അവർക്ക് ഞാൻ മകനാണ്" താൻ ഒരു  ഓർത്തഡോസ് കുടുംബത്തിൽ നിന്നുള്ള ആളാണെന്നും ആ പശ്ചാത്തലം തനിക്ക് ഏറെ ഇഷ്ടമാണെന്നും നാദിറ പറയുന്നു. "ഞാൻ കറുത്തിരുന്നാലും വെളുത്തിരുന്നാലും എന്റെ വീട്ടുകാർക്ക് അവരുടെ മകനാണ് ഞാൻ. നാളെ ഞാൻ കിടപ്പിലായാൽ പോലും അവർക്കത് അങ്ങനെ തന്നെയാണ്. കുട്ടിക്കാലത്ത് എനിക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി അവർക്ക് തോന്നിയിട്ടില്ല.

> പക്ഷേ സമൂഹം വന്ന് വാപ്പയോട്, 'നവാസേ.. നിന്റെ മകൻ എന്താ അങ്ങനെ നടക്കുന്നത്?' എന്ന് ചോദിക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ടാകും. ഭാവിയിൽ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണം, കുടുംബം നോക്കണം, ജോലിക്ക് പോകണം എന്നൊക്കെയായിരുന്നു എന്റെയും ചിന്ത. എന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് വെച്ച് നോക്കുകയാണെങ്കിൽ ദുബായിൽ ജോലിക്ക് പോകുന്ന ആണുങ്ങളാണ് ചുറ്റുമുള്ളത്. അങ്ങനത്തെ പ്രാരാബ്ദങ്ങൾ ഏറ്റെടുക്കുന്ന പുരുഷനാകാനാണ് ഞാൻ സ്വപ്നം കണ്ടത്. ഒരു പെണ്ണായി മാറുമെന്ന് 16 വയസ്സുവരെ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു," നാദിറ വ്യക്തമാക്കി.

> തന്റെ വീട്ടുകാർ സ്വപ്നം കണ്ടതൊന്നും സാധിച്ച് കൊടുക്കാൻ പറ്റാത്ത മകനാണ് താനെന്ന സങ്കടം നാദിറ പങ്കുവെച്ചു. "അവർക്കെന്നെ ഒരു ഉസ്താദ് ആക്കണമെന്നായിരുന്നു ആഗ്രഹം. എനിക്കും അതിന് വേണ്ടി പഠിക്കണമെന്നൊക്കെ വലിയ ആഗ്രഹമുണ്ടായിരുന്നു. അവർ ആഗ്രഹിച്ച ഒരു കാര്യം സാധിച്ച് കൊടുക്കാൻ ഭാഗ്യമില്ലാതെ പോയെന്ന വിഷമം ഇപ്പോഴുമുണ്ട്.

> ഒരു സാധാരണ കുടുംബം ചിന്തിക്കുന്ന കാര്യങ്ങളൊന്നും എനിക്ക് സാധിച്ചില്ല. അവരുടെ കാഴ്ചപ്പാടിൽ എനിക്ക് ശേഷം വരുന്നൊരു തലമുറയില്ല. അവർക്ക് ഇഷ്ടപ്പെടുന്നൊരു ജോലി ചെയ്യുന്ന ആളാകാനോ, അവർക്ക് നല്ലൊരു മകനാകാനോ പറ്റിയില്ലെന്ന വിഷമമുണ്ട്," നാദിറ മനസ്സ് തുറന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/363202/nadiras-candid-account-of-her-childhood-dreams)