#Latest News #UDF #Pulpatta Panchayat #Pension
മലപ്പുറം: ( www.truevisionnews.com ) പുൽപറ്റ പഞ്ചായത്തിലെ പെൻഷൻ ഗുണഭോക്താക്കളെ യുഡിഎഫ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ക്ഷേമ പെൻഷൻ വിതരണം. ചട്ടം ലംഘിച്ചാണ് പണം നൽകിയത്. പുൽപറ്റ പഞ്ചായത്തിലെ കാരപറമ്പിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലാണ് പണം വിതരണം നടന്നത്.
പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സാന്നിധ്യത്തിലായിരുന്നു ക്ഷേമ പെൻഷൻ നൽകിയതെന്നാണ് ആരോപണം. രാത്രി വൈകിയും വിതരണം തുടർന്നുവെന്നാണ് വിവരം. കാരപ്പറമ്പ് കൂട്ടം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് പെൻഷൻ വിതരണം നടക്കുന്നുണ്ടെന്ന സന്ദേശം വന്നത്.
മെയ് മാസത്തെ പെൻഷൻ കിട്ടാത്തവർ ഉണ്ടെങ്കിൽ കാരപറമ്പ് അങ്ങാടിയിൽ ആധാർ കാർഡുമായി വന്നാൽ പണം ലഭിക്കുമെന്നായിരുന്നു സന്ദേശം.
സ്റ്റാഫിന് സുഖമില്ലാത്തതിനാൽ പണം വിതരണം വൈകിയതെന്നും ഇതിൽ പറയുന്നുണ്ട്. വാർത്ത വന്നതോടെ നിരവധി പേരാണ് യുഡിഎഫ് ഓഫീസിൽ എത്തിച്ചേർന്നതെന്നാണ് വിവരം.
മെയ് 25 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അധികാരമേറ്റ ഉടനെ തന്നെ പ്രഖ്യാപിച്ചത്. എന്നാൽ പെരുന്നാൾ ദിനത്തിൽ പോലും പെൻഷൻ വിതരണം ചെയ്യാൻ യുഡിഎഫ് സർക്കാരിനായില്ല. പെൻഷൻ നൽകാനായി 1070 കോടി രൂപ അനുവദിക്കുമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
പുൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ അക്ബർ, പഞ്ചായത്ത് പ്രസിഡന്റ് എൻ കെ ഫൗസിയ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹി വാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ് പെൻഷൻ വിതരണം നടത്തുന്നത്.
പെൻഷൻ തുക ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിക്കുന്നതിനായി വിതരണ ഏജന്റിന് 25 രൂപയും ബാങ്കിന് 5 രൂപയും ഉൾപ്പെടെ 30 രൂപ വീതം ഓരോ പെൻഷനിലും സർക്കാർ അധികമായി അനുവദിക്കുന്നുണ്ട്. എന്നാൽ ഈ തുക വാങ്ങി പോക്കറ്റിലിട്ടാണ് പെൻഷൻ വേണമെങ്കിൽ പാർട്ടി ഓഫീസിലേക്ക് വരണമെന്ന നിലപാട് ഇവർ സ്വീകരിച്ചത്.
ഇതിനെതിരെ സിപിഐഎം രംഗത്ത് വന്നിരുന്നു. പെരുന്നാൾ ദിനമായ 28ാം തീയതി പോലും പെൻഷൻ വിതരണം ചെയ്തില്ലെന്ന് സിപിഐഎം ആരോപിച്ചു.
എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് വിശേഷ ദിവസങ്ങളിൽ മുൻകൂറായി പണം നൽകിയിരുന്നതായും സിപിഐഎം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. 18 മാസം പെൻഷൻ മുടക്കിയ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്തേക്കുള്ള തിരിച്ചുപോക്കാണിതെന്നും പോസ്റ്റിൽ ആരോപിച്ചിരുന്നു.
Content Highlight: Pension beneficiaries in Pulpatta Panchayat were summoned to the UDF office and welfare pensions were distributed


































