#Latest News #Psc #Appointment order
മലപ്പുറം: (truevisionnews.com) പരീക്ഷാ ഫല പ്രഖ്യാപനങ്ങളിലും നിയമനങ്ങളിലും പി.എസ്.സി വരുത്തുന്ന കാലതാമസത്തെക്കുറിച്ച് പൊതുവേ പരാതികൾ ഉയരാറുണ്ടെങ്കിലും, പരീക്ഷ എഴുതി 21 വർഷത്തിന് ശേഷം നിയമന ഉത്തരവ് ലഭിച്ച ഒരു ഉദ്യോഗാർത്ഥിയുടെ അവസ്ഥ ഇപ്പോൾ കടുത്ത അമ്പരപ്പ് സൃഷ്ടിക്കുകയാണ്.
മലപ്പുറം കാളികാവ് സ്വദേശിയായ അബ്ദുൽ മജീദിനാണ് പി.എസ്.സിയുടെ അനാസ്ഥ മൂലം ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. 2005-ൽ കാറ്റഗറി നമ്പർ 229/2005 പ്രകാരം പാർട്ട് ടൈം ജൂനിയർ അറബിക് ടീച്ചർ തസ്തികയിലേക്ക് പരീക്ഷ എഴുതുമ്പോൾ മജീദിന് 39 വയസ്സായിരുന്നു പ്രായം.
മൂന്ന് വർഷത്തിന് ശേഷം 2008-ൽ ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയും ചെയ്തു. സാധാരണഗതിയിൽ കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്നും നിയമനങ്ങൾ നടക്കാറില്ലെങ്കിലും, ഉദ്യോഗാർത്ഥികളുടെ അഭാവം മൂലം വന്ന ഒഴിവിലേക്ക് നീണ്ട കാത്തിരിപ്പിനൊടുവിൽ 2026 ഏപ്രിൽ 24-നാണ് മജീദിനെ തേടി അഡ്വൈസ് മെമ്മോ എത്തുന്നത്.
എന്നാൽ ഉത്തരവ് കൈയിൽ കിട്ടുമ്പോഴേക്കും അദ്ദേഹത്തിന് അറുപത് വയസ്സ് പിന്നിട്ടിരുന്നു. വർഷങ്ങൾക്ക് ശേഷം സർക്കാർ ജോലി ലഭിച്ചതിലുള്ള സന്തോഷം ഉണ്ടെങ്കിലും, പ്രായപരിധി കഴിഞ്ഞതിനാൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതിന്റെ വലിയ വിഷമത്തിലാണ് മജീദ് ഇപ്പോൾ.
നീണ്ട 18 വർഷക്കാലം തസ്തിക നികത്താതെ നീട്ടിക്കൊണ്ടുപോയ ശേഷം, തനിക്ക് 61 വയസ്സായപ്പോൾ നിയമന ഉത്തരവ് അയച്ചത് പി.എസ്.സിയുടെ മനഃപൂർവ്വമായ നടപടിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
എസ്.എസ്.എൽ.സി ബുക്കിലെ രേഖ പ്രകാരം 1966 മെയ് 27 ആണ് അബ്ദുൽ മജീദിന്റെ ജനനതീയതി. എന്നാൽ തന്റെ യഥാർത്ഥ ജനനതീയതി 1967 മെയ് 27 ആണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഔദ്യോഗിക രേഖകളിലെ ഈ പ്രായപ്പിഴവ് തിരുത്തിക്കിട്ടിയാൽ തനിക്ക് ഒരു വർഷമെങ്കിലും ജോലി ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ഉദ്യോഗാർത്ഥി. ഈ തിരുത്തലിനായി വിദ്യാഭ്യാസ മന്ത്രിക്കും അഡ്വക്കേറ്റ് എൻ. ഷംസുദ്ദീൻ എം.എൽ.എയ്ക്കും മജീദ് നിവേദനം നൽകിയിട്ടുണ്ട്. അധികാരികളിൽ നിന്നും തനിക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹം.
Content Highlight: PSC issues appointment order at 61 for exam written at 39


































