---
title: "ആരാ ഇത്? ജയറാമിന് പകരം മറ്റൊരു മുഖം; ബുക്ക് മൈ ഷോയ്ക്ക് പറ്റിയ അബദ്ധം, പിന്നാലെ ട്രോൾ പൂരം "
english_title: " Content Highlights:- Who is this? Another face instead of Jayaram; Book My Show's mistake"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362904/content-highlights-who-is-this-another-face-instead-of-jayaram-book-my-shows-mistake"
published_at: "2026-05-31T11:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bd2d760108_jayaram.jpg"
keywords: ["Latest News", "Malayalam Movie", "BookMy Show", "Jayaram"]
---

# ആരാ ഇത്? ജയറാമിന് പകരം മറ്റൊരു മുഖം; ബുക്ക് മൈ ഷോയ്ക്ക് പറ്റിയ അബദ്ധം, പിന്നാലെ ട്രോൾ പൂരം 

> **Lead Summary:** ** സൂ**പ്പർ ഹിറ്റ് താരജോഡികളായ ജയറാമും ഉർവശിയും ഒന്നിക്കുന്ന തമിഴ് ചിത്രമാണ് 'പരിമള ആൻഡ് കോ'. ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ജയറാം - ഉർവശി ടീം ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റ് അപ്‌ഡേറ്റുകൾക്കായി ആവേശത്തോടെ ബുക്ക് മൈ ഷോ ആപ്പ് തുറന്ന സിനിമാപ്രേമികൾ ഞെട്ടിയിരിക്കുകയാണ്.

## Article Content

** സൂ**പ്പർ ഹിറ്റ് താരജോഡികളായ ജയറാമും ഉർവശിയും ഒന്നിക്കുന്ന തമിഴ് ചിത്രമാണ് 'പരിമള ആൻഡ് കോ'. ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ജയറാം - ഉർവശി ടീം ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റ് അപ്‌ഡേറ്റുകൾക്കായി ആവേശത്തോടെ ബുക്ക് മൈ ഷോ ആപ്പ് തുറന്ന സിനിമാപ്രേമികൾ ഞെട്ടിയിരിക്കുകയാണ്.

ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമിൽ 'പരിമള ആൻഡ് കോ' സിനിമയുടെ കാസ്റ്റ് ആൻഡ് ക്രൂവിലുള്ള പ്രധാനപ്പെട്ട എല്ലാവരുടേയും പേരും ചിത്രവും കൊടുത്തിട്ടുണ്ട്. അതിൽ ജയറാമിന്റെ പേരുണ്ട്. പക്ഷേ ചിത്രം മറ്റൊരാളുടേതാണ്. ഇതാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഇത്ര പ്രശസ്തനായ ഒരു നടന്റെ ഫോട്ടോ മാറിയതിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയർന്നിട്ടുണ്ട്.

'ഇങ്ങേരുടെ ഡെഡിക്കേഷൻ. ജയറാമേട്ടന്റെ ന്യൂ മേക്കോവർ കണ്ട് ഞെട്ടി', എന്ന പരിഹാസ ക്യാപ്ഷനോടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ കമന്റുകളും നിറഞ്ഞു.

'ഇതൊക്കെ ആരാടെയ് പടച്ചുവിടുന്നത്? ജയറാം ക്ഷയിച്ച് പോയതാണോ?, ലെ ജയറാമേട്ടൻ: ചതിച്ചതാ.. അവരെന്നെ ചതിച്ചതാ', എന്നിങ്ങനെ പോകുന്നു ട്രോൾ കമന്റുകൾ. ഒപ്പം 'ഇതൊക്കെ ആഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കാനുള്ള മാന്യത കാണിക്കണം, ഇത്രയും പോപ്പുലറായ നടന്റെ ഫോട്ടോയാണ് മാറ്റിയിരിക്കുന്നത്', എന്നിങ്ങനെയുള്ള വിമർശന കമന്റുകളും വരുന്നുണ്ട്.

അതിനൊപ്പം തന്നെ ​ഗൂ​ഗിളിലെ ചെമ്മീനിന്റെ കാസ്റ്റ് കമന്റായി രേഖപ്പെടുത്തുന്നവരും ഉണ്ട്. സിനിമയിൽ ഇല്ലാത്ത താരങ്ങളും ഷീല കൗർ ഉൾപ്പടെയുള്ളവരുടെ ഫോട്ടോകളും ഇത് ഉൾപ്പെടുത്തിയിരിക്കുന്നത് കാണാം.

സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ ആണ് 'പരിമള ആൻഡ് കോ' സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ, ടൈറ്റിൽ ടീസർ എന്നിവ നേരത്തെ പുറത്തുവരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു പക്കാ ഫൺ എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

തമിഴ് കുമരൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.കെ.എം. തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ് നിർമാണം. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.

മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. സംവിധായകൻ പാണ്ഡിരാജ്‌ തന്നെയാണ് ചിത്രം രചിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/362904/content-highlights-who-is-this-another-face-instead-of-jayaram-book-my-shows-mistake)