---
title: "വിലങ്ങാട്ടെ വ്യാപാരികളെ പണം നൽകാതെ പറ്റിച്ചുവെന്ന പരാതിയില്‍ നടപടി; മുഴുവൻ പണവും കൊടുത്ത് തീർത്ത് ഒപിഎം സിനിമാസ്"
english_title: " Content Highlights:- Action taken on complaint of cheating vilangad traders, OPM Cinemas pays full amount"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362876/content-highlights-action-taken-on-complaint-of-cheating-vilangad-traders-opm-cinemas-pays-full-amount"
published_at: "2026-05-31T10:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bbbe1843b6_aja_sundari.jpg"
keywords: ["Latest News", "OPM Cinemas", "Complaint", "Ashik Abu"]
---

# വിലങ്ങാട്ടെ വ്യാപാരികളെ പണം നൽകാതെ പറ്റിച്ചുവെന്ന പരാതിയില്‍ നടപടി; മുഴുവൻ പണവും കൊടുത്ത് തീർത്ത് ഒപിഎം സിനിമാസ്

> **Lead Summary:** ** അ**ജസുന്ദരി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പണം നല്‍കാതെ പറ്റിച്ചുവെന്ന വിലങ്ങാട്ടെ വ്യാപാരികളുടെ പരാതിയില്‍ നടപടി.

## Article Content

** അ**ജസുന്ദരി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പണം നല്‍കാതെ പറ്റിച്ചുവെന്ന വിലങ്ങാട്ടെ വ്യാപാരികളുടെ പരാതിയില്‍ നടപടി.

വ്യാപാരികള്‍ക്ക് മുഴുവന്‍ പണവും കൊടുത്ത് തീര്‍ത്തു. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള ഒപിഎം സിനിമാസ് ആണ് പണം നല്‍കിയത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണമായിരുന്നു വ്യാപാരികള്‍ ഉന്നയിച്ചത്. പലചരക്കുസാധനങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കിയില്ലെന്നായിരുന്നു ആരോപണം.

മൂന്ന് മാസത്തോളം അണിയറ പ്രവര്‍ത്തകര്‍ വിലങ്ങാടുണ്ടായിരുന്നുവെന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കിയില്ലെന്നും വ്യാപാരികള്‍ പറഞ്ഞിരുന്നു. ചിക്കനും ബീഫും താറാവും മുട്ടയും അടക്കം വാങ്ങിയ അണിയറ പ്രവര്‍ത്തകര്‍ ലക്ഷങ്ങളുടെ കുടിശ്ശിക വരുത്തിയിരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളറെ അടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചതെന്നും വ്യാപാരികള്‍ പറഞ്ഞിരുന്നു.

സംഭവം വാര്‍ത്തയായതോടെ പ്രതികരിച്ച് ആഷിഖ് അബു രംഗത്തെത്തിയിരുന്നു. വ്യാപാരികളുടെ പരാതി ന്യായമാണെന്നും പണം നല്‍കാനുള്ള ഇടപെടല്‍ ഉണ്ടാകുമെന്നുമായിരുന്നു ആഷിഖ് അബു പറഞ്ഞത്. റിപ്പോർട്ടറിനോടായിരുന്നു ആഷിഖ് അബുവിൻ്റെ പ്രതികരണം.

പിന്നാലെ വിശദീകരണവുമായി ഒപിഎം സിനിമാസും രംഗത്തെത്തിയിരുന്നു. വ്യാപാരികള്‍ക്ക് പണം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നായിരുന്നു ഒപിഎം സിനിമാസ് പറഞ്ഞത്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നൽകാനുള്ള ചുമതല ഏല്‍പ്പിച്ചിരുന്നത് വടകര സ്വദേശിയായ സജിത്തിനെയായിരുന്നു.

25 ലക്ഷം രൂപ സജിത്തിന് കൈമാറിയിരുന്നു. എന്നാല്‍ ഇയാള്‍ വ്യാപാരികള്‍ക്ക് പണം ലഭ്യമാക്കിയില്ല. വ്യാപാരികളുടെ പരാതി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സജിത്തിനുള്ള അവസാന ഗഡു തടഞ്ഞതായും ഒപിഎം സിനിമാസ് വിശദീകരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/362876/content-highlights-action-taken-on-complaint-of-cheating-vilangad-traders-opm-cinemas-pays-full-amount)