#Latest News #Attempted stabbing #Kollam
കൊല്ലം: (truevisionnews.com) പോലീസ് കേസിൽ ജാമ്യം ലഭിക്കുന്നതിനായി കരമടച്ച രസീത് നൽകാനും ജാമ്യം നിൽക്കാനും വിസമ്മതിച്ച ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായി.
നെടുമ്പന കളയ്ക്കൽ ശരണ്യ ഭവനിൽ സതീശൻ (55) ആണ് അറസ്റ്റിലായത്. ഇയാളുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഭാര്യ രമയെ (47) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ ആൾജാമ്യം നിൽക്കാനും വസ്തുവിന്റെ നികുതിച്ചീട്ട് നൽകാനും സതീശൻ ഭാര്യയെ നിരന്തരം നിർബന്ധിച്ചിരുന്നു. ഇതിനായി എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന രമയെ ഇയാൾ തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
എന്നാൽ ജാമ്യം നിൽക്കാൻ രമ തയ്യാറാകാതിരുന്നതോടെ പ്രകോപിതനായ സതീശൻ പെൺമക്കളുടെ മുന്നിൽ വെച്ച് വീട്ടിലെ കറി കത്തി ഉപയോഗിച്ച് രമയുടെ വയറ്റിൽ ആഞ്ഞുകുത്തുകയായിരുന്നു.
ചോര വാർന്ന് വീണ രമയെ ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെ വീടിന് സമീപത്തുനിന്നുമാണ് പോലീസ് വലയിലാക്കിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlight: content highlights:- 55-year-old man tries to stab wife to death in Kollam


































