---
title: "'അത് വിഗ്ഗ് അല്ല, എന്റെ സ്വന്തം മുടിയാണ്'; 'കാട്ടാളൻ' ലുക്കിനെക്കുറിച്ച് മനസുതുറന്ന് ജഗദീഷ്!"
english_title: "Content Highlights:- 'That's not a wig, it's my own hair'; Jagadish opens up about his 'Katalan' look!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361883/content-highlights-thats-not-a-wig-its-my-own-hair-jagadish-opens-up-about-his-katalan-look"
published_at: "2026-05-26T13:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a155459dd1da_Jagadish.jpg"
keywords: ["Kattalan", "Jagadish", "Antony Varghese Pepe"]
---

# 'അത് വിഗ്ഗ് അല്ല, എന്റെ സ്വന്തം മുടിയാണ്'; 'കാട്ടാളൻ' ലുക്കിനെക്കുറിച്ച് മനസുതുറന്ന് ജഗദീഷ്!

> **Lead Summary:** മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തി വൻ വിജയം നേടിയ 'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെൻറ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'കാട്ടാളൻ'. ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 28-ന് തിയേറ്ററുകളിലെത്തും. ഷരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്.

## Article Content

മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തി വൻ വിജയം നേടിയ 'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെൻറ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'കാട്ടാളൻ'. ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 28-ന് തിയേറ്ററുകളിലെത്തും. ഷരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്.

റിലീസിന് മുന്നോടിയായി ചിത്രത്തിലെ തന്റെ വേറിട്ട കഥാപാത്രത്തെക്കുറിച്ചും സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും മനസുതുറക്കുകയാണ് മുതിർന്ന നടൻ ജഗദീഷ്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

'ടീസറും ട്രെയ്‌ലറുമൊക്കെ കണ്ടിട്ട് പലരും പറഞ്ഞു നല്ല വി​​ഗ്​ ആണെന്ന്. വി​ഗ് ഒന്നുമല്ല. ഓരോ കഥാപാത്രം ചെയ്യുമ്പോഴും ഇതൊന്നും വലിയ ത്യാഗമൊന്നുമല്ല. ആ ക്യാരക്റ്റർ നന്നാക്കാൻ വേണ്ടി നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്വമാണ്. ഇത്രയും വലിയൊരു പടത്തിനു വേണ്ടി ഒരുപാട് ദിവസം, പറഞ്ഞതിനേക്കാൾ കൂടുതൽ ഒരുപാട് ദിവസം നമുക്ക് ഈ പടത്തിനായി ഡേറ്റ് കൊടുക്കേണ്ടി വന്നു. പക്ഷേ അതിലൊന്നും എനിക്ക് പരിഭവമോ വിഷമമോ ഇല്ല. നല്ലൊരു ചിത്രത്തിന്റെ ഭാ​ഗമാകുമ്പോൾ ഒന്ന് രണ്ട് ചിത്രങ്ങൾ മിസ് ആയാലും കുഴപ്പമില്ല. ഈ മേക്കപ്പും ആയിട്ട് മറ്റ് ചിത്രങ്ങളിൽ പോയി അഭിനയിക്കാനും ബുദ്ധിമുട്ടായിരുന്നു. എന്റെ ലുക്കിൽ കാണുന്നത് ഒരു കാരണവശാലും വി​ഗ് അല്ല. ഞാൻ തന്നെ വളർത്തിയ എന്റെ മുടിയുടെ ​ഗെറ്റപ്പ് ആണ്', ജഗദീഷിന്റെ വാക്കുകൾ.

പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെട്ട ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 'കാട്ടാളൻ' ഇടം പിടിച്ചിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. രവി ബസ്രൂർ ഒരുക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് സിനിമയുടെ ഹൈലൈറ്റ്.

കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്‌നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്‌നർ. 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിൻറെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/361883/content-highlights-thats-not-a-wig-its-my-own-hair-jagadish-opens-up-about-his-katalan-look)