ആലപ്പുഴ: ( www.truevisionnews.com ) മാന്നാർ കുരട്ടിശ്ശേരി കൊല്ലശ്ശേരിൽ ഭാഗത്ത് നിന്നും കൂറ്റൻ അണലിയെ പിടികൂടി . സ്നേക്ക് റെസ്ക്യൂ വാളന്റിയർ ഫാ.ചാർലി വർഗീസ് ആണ് സാധാരണയിൽ കൂടുതൽ വലുപ്പമുള്ള പാമ്പിനെ പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ചേലക്കാട്ട് തറയിൽപള്ളത്ത് അയ്യൂബ് - റംലാബീവി ദമ്പതികൾ താമസിക്കുന്ന വീടിനോട് ചേർന്നാണ് അണലിയെ കണ്ടത്. ഇവർ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു. പിന്നീട് വിവരമറിഞ്ഞ് സ്നേക്ക് റെസ്ക്യൂ വോളന്‍റിയർ ഫാ. ചാർലി വർഗീസ് സ്ഥലത്തെത്തി.
എന്നാൽ പാമ്പ് തൊട്ടടുത്ത് കാട് കയറിക്കിടക്കുന്ന പറമ്പിലേക്ക് മതിലിന് മുകളിലൂടെ ഇഴഞ്ഞ് രക്ഷപെട്ടതിനാൽ പിടികൂടാൻ കഴിയാതെ മടങ്ങുകയായിരുന്നു.
ഒടുവിൽ സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ്, വൈസ് പ്രസിഡന്റ് പി.എ ലത, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ പുഷ്പ സുനിൽ, വാർഡ് മെംബർ കലാധരൻ കൈലാസം എന്നിവരുടെ നിർദേശപ്രകാരം ജെ.സി.ബി ഉപയോഗിച്ച് പറമ്പിലെ കാട് നീക്കി വൃത്തിയാക്കിയതോടെ വീണ്ടും അണലിയെ കണ്ടെത്തുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് അണലിയെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി.
Huge viper caught in Kollasseri

































