---
title: "'എന്റെ മോൾക്ക് ഉറങ്ങാൻ പറ്റുന്നില്ല'; മുഖ്യമന്ത്രിയെ വൈകിപ്പിക്കരുത്, കോൺഗ്രസിനോട് അഭ്യർത്ഥനയുമായി ഹരി പത്തനാപുരം"
english_title: "'My son can't sleep'; Hari Pathanapuram appeals to Congress not to delay the Chief Minister"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358967/my-son-cant-sleep-hari-pathanapuram-appeals-to-congress-not-to-delay-the-chief-minister"
published_at: "2026-05-12T16:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a030e6ca38c9_Hari_Pathanapuram_appeals_to_Congress_not_to_delay_the_Chief_Minister.jpg"
keywords: []
---

# 'എന്റെ മോൾക്ക് ഉറങ്ങാൻ പറ്റുന്നില്ല'; മുഖ്യമന്ത്രിയെ വൈകിപ്പിക്കരുത്, കോൺഗ്രസിനോട് അഭ്യർത്ഥനയുമായി ഹരി പത്തനാപുരം

> **Lead Summary:** കേരളത്തിൽ പുതിയ മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം എട്ടാം ദിവസവും തുടരുന്നതിനിടെ, കോൺഗ്രസ് നേതൃത്വത്തോട് അഭ്യർത്ഥനയുമായി ജ്യോതിഷിയും നടനുമായ ഹരി പത്തനാപുരം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് എസ്എസ്എൽസി ഫലപ്രഖ്യാപനത്തെ ബാധിക്കുമെന്ന ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്.

## Article Content

കേരളത്തിൽ പുതിയ മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം എട്ടാം ദിവസവും തുടരുന്നതിനിടെ, കോൺഗ്രസ് നേതൃത്വത്തോട് അഭ്യർത്ഥനയുമായി ജ്യോതിഷിയും നടനുമായ ഹരി പത്തനാപുരം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് എസ്എസ്എൽസി ഫലപ്രഖ്യാപനത്തെ ബാധിക്കുമെന്ന ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്.

തന്റെ മകൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ഈ മാസം 15-ന് ഫലം വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണെന്നും എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റിസൾട്ട് വൈകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലം വൈകുന്നത് കുട്ടികളിൽ വലിയ മാനസിക സമ്മർദ്ദത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും, അതിനാൽ ഇക്കാര്യത്തിൽ കോൺഗ്രസ് എത്രയും വേഗം തീരുമാനമെടുക്കണമെന്നുമാണ് ഹരി പത്തനാപുരം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും ശക്തമാകുന്നതിനിടെയാണ് ഈ പ്രതികരണം.

ഹരി പത്തനാപുരത്തിന്റെ വാക്കുകൾ ഇങ്ങനെ

മുഖ്യമന്ത്രിയെ ഇന്നോ നാളയോ പ്രഖ്യാപിച്ചേക്കും. അത് കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണ്. അവര്‍ മൃഗിയമായ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതവര്‍ തീരുമാനിക്കട്ടേ. കെസി വേണുഗോപാല്‍ ആണെങ്കിലും വിഡി സതീശന്‍ ആണെങ്കിലും രമേശ് ചെന്നിത്തല ആണെങ്കിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ അത് നമ്മുടെ മുഖ്യമന്ത്രിയാണ്. വളരെ ബുദ്ധിപൂര്‍വ്വം ജനകീയനായൊരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കട്ടേ എന്ന് ആശംസിക്കുന്നു. അതുവരെ കാത്തിരിക്കാം.

ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നൊരു കാര്യം, എന്‍റെ മകള്‍ പത്താം ക്ലാസില്‍ പരീക്ഷ എഴുതിയിട്ട് നില്‍ക്കുകയാണ്. സ്റ്റേറ്റ് സിലബസില്‍. റിസള്‍ട്ട് 15ന് വരും എന്നാണ് നേരത്തെ അനൗണ്‍സ് ചെയ്തത്. എന്‍റെ മകള്‍ക്ക് ഒരുപാട് കൂട്ടുകാരികളുണ്ട്. റിസള്‍ട്ട് അടുത്ത് വരുമ്പോള്‍ അവര്‍ക്ക് വലിയ ടെന്‍ഷനാണ്. മോളേ സംബന്ധിച്ച് ഒരാഴ്ചയായിട്ട് ആഹാരം കഴിക്കാന്‍ പറ്റുന്നില്ല,ഉറങ്ങാന്‍ പറ്റുന്നില്ല, ടെന്‍ഷനടിച്ച് പുറത്തോട്ട് പോലും ഇറങ്ങാതെ ഇരിക്കുന്നു. കുഞ്‍ഞുങ്ങള്‍ അനുഭവിക്കുന്ന വലിയ ടെന്‍ഷന്‍. റിസള്‍ട്ടുമായി ബന്ധപ്പെട്ട് മാനസികമായി വലിയൊരു സമ്മര്‍ദ്ദം അവര്‍ അനുഭവിക്കുന്നുണ്ട്. 15ന് റിസള്‍ട്ട് പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണെന്നൊരു പത്ര വാര്‍ത്ത കണ്ടു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല. അതുകൊണ്ട് റിസള്‍ട്ട് നീട്ടി വയ്ക്കേണ്ടി വരുമെന്ന്.

എനിക്ക് കോണ്‍ഗ്രസ് നേതൃത്വത്തോട് പറയാനുള്ളത്, മുന്‍പ് ഒരുതവണ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടിട്ട് റിസള്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടായി. അത്തരമൊരു സാഹചര്യത്തിലേക്ക് എത്തിക്കാന്‍ പറ്റിയാല്‍ കുട്ടികള്‍ക്ക് അത് നല്ലതാണ്. കാരണം ഇനിയും ഫലം വൈകിയാല്‍ അവര്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയും അതവരെ വല്ലാതെ ബുദ്ധിമുട്ടിലാക്കുകയും അസുഖം പോലും പിടിപെടാനുള്ള സാധ്യതയുമുണ്ട്. എന്‍റെ മകള്‍ അനുഭവിക്കുന്നത് കണ്ടത് കൊണ്ട് പറയുകയാണ് ദയവായി അങ്ങനെ ഒരു തീരുമാനം എടുത്താല്‍ നന്നായിരിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/358967/my-son-cant-sleep-hari-pathanapuram-appeals-to-congress-not-to-delay-the-chief-minister)