ആലപ്പുഴ: (https://truevisionnews.com/) അങ്കണവാടി കുട്ടികളോട് മോശമായി പെരുമാറുന്നതും അവരെ ഭയപ്പെടുത്തുന്നതും വിലക്കി സംസ്ഥാന വനിത-ശിശു വികസന വകുപ്പ് ഉത്തരവിറക്കി. കുട്ടികളുടെ ശാരീരികമോ മാനസികമോ ആയ അവസ്ഥകളെ പരിഹസിക്കരുതെന്നും ഇത് അവർക്ക് മാനസികാഘാതമുണ്ടാക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
ഓരോ കുട്ടിയുടെയും വ്യക്തിപരമായ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് വേണം പരിചരണം നൽകാൻ. കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള സംസാരമോ ക്രൂരമായ പെരുമാറ്റമോ ഒരു കാരണവശാലും അനുവദിക്കില്ല. അങ്കണവാടിയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കുടിവെള്ള ടാങ്കുകൾ കൃത്യസമയത്ത് വൃത്തിയാക്കണം.
കുട്ടികൾക്ക് ശൗചാലയ പരിശീലനം നൽകണം. ടോയ്‌ലറ്റിൽ പോകാൻ കുട്ടികൾക്ക് പേടി തോന്നാത്ത സാഹചര്യം ഒരുക്കണം. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ രക്ഷിതാക്കളോട് സത്യസന്ധമായി പറയണം. എന്തെങ്കിലും പരാതികൾ ഉണ്ടായാൽ ഉടൻ പരിഹരിക്കാൻ നടപടിയെടുക്കണം.
അങ്കണവാടി കുട്ടികൾക്ക് വീടുപോലെ സുരക്ഷിതമായി തോന്നണമെന്നും ജീവനക്കാരുടെ പെരുമാറ്റം മികവുറ്റതാക്കി സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സർക്കാർ വ്യക്തമാക്കി.
Don't scare children in Anganwadis; Government issues strict instructions to employees
































