---
title: "'ഇത് ജനാധിപത്യത്തിനേറ്റ കളങ്കം'; വിജയ്‍യുടെ സത്യപ്രതിജ്ഞ തടയുന്ന ഗവർണറുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കമൽഹാസൻ"
english_title: "Kamal Haasan slams Governor's move to block Vijay's swearing-in"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357985/kamal-haasan-slams-governors-move-to-block-vijays-swearing-in"
published_at: "2026-05-07T17:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc792c44756_Kamal_Haasan_slams_Governors_move_to_block_Vijays_swearing-in.jpg"
keywords: []
---

# 'ഇത് ജനാധിപത്യത്തിനേറ്റ കളങ്കം'; വിജയ്‍യുടെ സത്യപ്രതിജ്ഞ തടയുന്ന ഗവർണറുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കമൽഹാസൻ

> **Lead Summary:** തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് നാടകീയ രാഷ്ട്രീയ നീക്കങ്ങൾ തുടരുന്നു. 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും വിജയ് നയിക്കുന്ന ടി.വി.കെയ്ക്ക് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. ആവശ്യമായ കേവല ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ചടങ്ങുകൾ മാറ്റിവെച്ചു.

## Article Content

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് നാടകീയ രാഷ്ട്രീയ നീക്കങ്ങൾ തുടരുന്നു. 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും വിജയ് നയിക്കുന്ന ടി.വി.കെയ്ക്ക് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. ആവശ്യമായ കേവല ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ചടങ്ങുകൾ മാറ്റിവെച്ചു.

118 എം.എൽ.എമാരുടെ പിന്തുണ രേഖപ്പെടുത്തിയ കത്തുമായി എത്തിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് ഗവർണർ. എന്നാൽ, ഗവർണറുടെ ഈ കർശന നിലപാടിനെതിരെ നടനും രാജ്യസഭാ എം.പിയുമായ കമൽഹാസൻ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ജനങ്ങൾ.

തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കമൽ ഹാസൻ എക്സിൽ കുറിച്ച നീണ്ട കുറിപ്പിലാണ് ഇത് പറഞ്ഞത്. ജനങ്ങളുടെ വിധിയെ മാനിക്കണമെന്നും ഗവർണറുടെ ഈ നീക്കം കാരണം ജനങ്ങൾ തെരഞ്ഞെടുത്ത 233 എം.എൽ.എമാർക്കും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുന്നില്ലെന്നും കമൽ ഹാസൻ ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനത്തിന് നാണക്കേടാണെന്നും ജനാധിപത്യത്തിനേറ്റ കളങ്കമാണന്നും അദ്ദേഹം പ്രതികരിച്ചു.

ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലല്ല, നിയമസഭയിലാണെന്ന് എസ്.ആർ ബൊമ്മൈ വിധിന്യായവാദം ഉയർത്തിക്കാട്ടി കമൽ ഹാസൻ പറഞ്ഞു. തമിഴ്നാടിന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആദ്യമായാണ് ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വരുന്നത്. തെരഞ്ഞെടുപ്പ് ഫലം സ്വീകരിക്കുന്നതായി പ്രതികരിച്ച സ്റ്റാലിനെ പ്രശംസിക്കാനും കമൽ ഹാസൻ മറന്നില്ല.

234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടി.വി.കെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. ഡി.എം.കെ സഖ്യംവിട്ട് കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സർക്കാർ രൂപീകരിക്കാൻ ആറ് സീറ്റുകൾ കൂടി വേണം. അതിനാൽ, 118 അംഗങ്ങളുടെ പിന്തുണയുമായി വരാൻ ഗവർണർ നിർദേശിക്കുകയായിരുന്നു. പിന്തുണക്കുന്ന കക്ഷികളുടെ കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ ടി.വി.കെ നേതാക്കളോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357985/kamal-haasan-slams-governors-move-to-block-vijays-swearing-in)