ആലപ്പുഴ: (truevisionnews.com) കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ വി.എസ്. അച്യുതാനന്ദന്റെ മകൻ വി. അരുൺകുമാറും, അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ അട്ടിമറി വിജയം നേടിയ ജി. സുധാകരനും പ്രതികരണവുമായി രംഗത്തെത്തി.
പരാജയം എപ്പോഴും സ്വയം പരിശോധനയ്ക്കും തിരുത്തലിനുമുള്ള അവസരമാണെന്ന് ഫേസ്ബുക്കിൽ കുറിച്ച അരുൺകുമാർ, തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുന്നത് ഭാവിയിൽ വലിയ വിജയങ്ങളിലേക്ക് നയിക്കുമെന്നും വ്യക്തമാക്കി.
ജനഹിതം തിരിച്ചറിയാനും ജനങ്ങൾക്കായി കൂടുതൽ കരുത്തോടെ പ്രവർത്തിക്കാനും പാർട്ടിക്ക് കഴിയട്ടെ എന്ന് ആശംസിച്ച അദ്ദേഹം, ജാതി-മത-കച്ചവട താല്പര്യങ്ങൾക്കതീതമായ വികസനമാണ് നാട് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
അതേസമയം, അമ്പലപ്പുഴയിൽ നിന്ന് ജനകീയ സ്വതന്ത്രനായി മത്സരിച്ച് വൻ ഭൂരിപക്ഷം നേടിയ ജി. സുധാകരൻ സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് ഈ ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം എന്നത് ചിലരുടെ മാത്രം സ്വകാര്യ സ്വത്താണെന്ന് കരുതിയവർക്ക് ജനങ്ങൾ മറുപടി നൽകിക്കഴിഞ്ഞു. തനിക്ക് തണലായി നിന്നത് രാജ്യത്തെ ഏറ്റവും വലിയ മതേതര പാർട്ടിയായ കോൺഗ്രസാണെന്നും, മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മതേതര കക്ഷികളുടെയും മുസ്ലിം സമുദായത്തിന്റെയും പിന്തുണ വിജയത്തിൽ നിർണ്ണായകമായെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി തന്നെ 'ചെറ്റ' എന്ന് വിളിച്ചതിനെ പരാമർശിച്ച സുധാകരൻ, ചെറ്റക്കുടിലുകളിൽ താമസിക്കുന്നവരുടെ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് ഓർമ്മിപ്പിച്ചു. സി.പി.എം പ്രവർത്തകരെ നിയന്ത്രിക്കാൻ നിലവിൽ ആരുമില്ലെന്നും കന്നുകാലികളെ അഴിച്ചുവിട്ട അവസ്ഥയിലാണ് ചിലരെന്നും അദ്ദേഹം പരിഹസിച്ചു.
തിരഞ്ഞെടുപ്പ് ചെലവുകൾ പൂർണ്ണമായും വഹിച്ചതും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും കോൺഗ്രസാണെന്നും സുധാകരൻ തുറന്നടിച്ചു. സംസ്ഥാനത്തുടനീളം യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നതിനിടെ പുറത്തുവന്ന ഇവരുടെ പ്രതികരണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
'Opportunity for REFORM' says VS Achuthanandan's son

































