---
title: "തിയറ്ററുകളിൽ ചിരിപടർത്തിയ 'മോഹിനിയാട്ടം' ഒടിടിയിലേക്ക്; റിലീസ് തീയതി"
english_title: "'Mohiniyattam', which made people laugh in theaters, is now available on OTT; Release date"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357144/mohiniyattam-which-made-people-laugh-in-theaters-is-now-available-on-ott-release-date"
published_at: "2026-05-04T09:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f813778160a_ewrte.jpg"
keywords: []
---

# തിയറ്ററുകളിൽ ചിരിപടർത്തിയ 'മോഹിനിയാട്ടം' ഒടിടിയിലേക്ക്; റിലീസ് തീയതി

> **Lead Summary:** **[**കോമഡി ചിത്രങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നിലവിലെ സാഹചര്യത്തിൽ, തിയറ്ററുകളിൽ വലിയ വിജയമായി മാറിയിരിക്കുകയാണ് 'മോഹിനിയാട്ടം'. 2024-ൽ പുറത്തിറങ്ങിയ 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ ഈ സിനിമ, പുതുമയുള്ള അവതരണശൈലി കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

## Article Content

**[**കോമഡി ചിത്രങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നിലവിലെ സാഹചര്യത്തിൽ, തിയറ്ററുകളിൽ വലിയ വിജയമായി മാറിയിരിക്കുകയാണ് 'മോഹിനിയാട്ടം'. 2024-ൽ പുറത്തിറങ്ങിയ 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ ഈ സിനിമ, പുതുമയുള്ള അവതരണശൈലി കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

 ഏപ്രിൽ 10-ന് വലിയ പ്രീ-റിലീസ് ഹൈപ്പുകളോ കൂടുതൽ സ്ക്രീനുകളോ ഇല്ലാതെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. എന്നാൽ ആദ്യ ഷോകൾക്ക് പിന്നാലെ ലഭിച്ച മികച്ച മൗത്ത് പബ്ലിസിറ്റി ചിത്രം തിയറ്ററുകളിൽ ഹിറ്റാക്കി മാറ്റി. മികച്ച പാക്കേജിംഗും കോമഡിയും കൈകോർത്തപ്പോൾ 'ഭരതനാട്യ'ത്തിന് ലഭിച്ച അതേ സ്വീകാര്യത രണ്ടാം ഭാഗമായ 'മോഹിനിയാട്ട'ത്തിനും ലഭിച്ചു.

തിയറ്ററുകളിൽ വിജയം കൊയ്തതിന് പിന്നാലെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന കഥാപരിസരമാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് മോഹിനിയാട്ടം എത്തുക. വരുന്ന വെള്ളിയാഴ്ച, മെയ് 8 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമാണെങ്കിലും ഒടിടിയിലൂടെ പല മടങ്ങ് വലിയ പ്രേക്ഷകവൃന്ദമാണ് ചിത്രം കാണാന്‍ ഒരുങ്ങുന്നത്.

ഭരതനാട്യം കോമഡി ഡ്രാമ ചിത്രമായിരുന്നുവെങ്കില്‍ സീക്വല്‍ ആയ മോഹിനിയാട്ടം ഡാര്‍ക് കോമഡി ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രമാണ്. ഭരതനാട്യം സംവിധാനം ചെയ്ത കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും കൃഷ്ണദാസ് മുരളിയാണ്. കോ റൈറ്റര്‍ ആയി വിഷ്ണു ആര്‍ പ്രദീപും ഉണ്ട്.

ഒടിടിയിലൂടെ പില്‍ക്കാലത്ത് ജനപ്രീതി നേടിയെങ്കിലും ഭരതനാട്യം ഒരു ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നില്ല. അണിയറക്കാരുടെ ആ വിഷമം ഇക്കുറി തീര്‍ത്ത് കൊടുത്തിരുന്നു പ്രേക്ഷകര്‍. ഡാര്‍ക് കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തിയറ്ററില്‍ ചിരി പൊട്ടിച്ചു. അവധിക്കാലത്ത് കുടുംബസമേതം കാണാന്‍ പറ്റിയ രസകരമായ ചിത്രം എന്നത് കളക്ഷനിലും പ്രതിഫലിച്ചിരുന്നു. ഇപ്പോഴും ബുക്ക് മൈ ഷോയിലെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഈ ചിത്രമുണ്ട്.

തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന താരങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/357144/mohiniyattam-which-made-people-laugh-in-theaters-is-now-available-on-ott-release-date)