(moviemax.in) മലയാള സിനിമയിലെ 'അപ്പർക്ലാസ് ബുദ്ധിജീവികൾ' പലപ്പോഴും ട്വന്റി 20 എന്ന ചിത്രത്തെ താരങ്ങൾക്ക് വേണ്ടി മാത്രം നിർമ്മിച്ച ഒന്നായിട്ടാണ് വിലയിരുത്താറുള്ളത്. എന്നാൽ യാഥാർത്ഥ്യം അതല്ല. മധു മുതൽ മധു വാര്യർ വരെയുള്ള ഏത് താരത്തെയും ഏത് വേഷത്തിലേക്കും തിരഞ്ഞെടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരേയൊരു ചിത്രമായിരുന്നു അത്.
താരസംഘടനയായ 'അമ്മ' നേരിട്ട് നിർമ്മിച്ച ചിത്രമായതിനാൽ തന്നെ താരങ്ങൾക്ക് ആർക്കും പ്രതിഫലം നൽകേണ്ടതില്ലായിരുന്നു. എന്നാൽ ഈ പ്രോജക്ടിന് പിന്നിൽ ഒരു പ്രധാന നിബന്ധനയുണ്ടായിരുന്നു; മലയാള സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും ആ ചിത്രത്തിൽ അർഹമായ വേഷങ്ങൾ നൽകണം എന്നതായിരുന്നു അത്. ഇതിലൂടെ മലയാള സിനിമയിലെ അതുവരെയുള്ള ഏറ്റവും വലിയ താരസംഗമത്തിനാണ് ചിത്രം സാക്ഷ്യം വഹിച്ചത്.
ചിത്രം ആരെക്കൊണ്ടു സംവിധാനം ചെയ്യിക്കണം എന്ന കാര്യത്തിൽ തർക്കമേ ഉണ്ടായില്ല; അതിനു ജോഷിയല്ലാതെ മറ്റൊരാളില്ല. തിരക്കഥയൊരുക്കാൻ ഉദയകൃഷ്ണ–സിബി.കെ.തോമസ് ടീമിനെ ഏൽപിക്കാം എന്നതു മമ്മൂട്ടിയുടെ നിർദേശമായിരുന്നു. പക്ഷേ, എല്ലാവരെയും ചേർത്ത് ഒരു കഥ ഉണ്ടാക്കണം. അതു ബുദ്ധിമുട്ടേറിയ പണി തന്നെയാണ്. താരങ്ങളെ സഹോദരങ്ങളോ സുഹൃത്തുക്കളോ ആക്കുകയാണ് ഏറ്റവും എളുപ്പമുള്ള വഴി. എന്നാൽ ആ സ്ഥിരം പരിപാടി വേണ്ടെന്നു എഴുത്തുകാർ ആദ്യമേ തീരുമാനിച്ചു. മാത്രമല്ല, ഈ സിനിമയിൽ സൂപ്പർതാരങ്ങൾ പരസ്പരം പോരടിക്കണം എന്നുകൂടി ഉറപ്പിച്ചു. അങ്ങനെ പല കഥകൾ ആലോചിച്ചു.
ഒടുവിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്ക് ഏറക്കുറെ തുല്യ പ്രാധാന്യമുള്ള ഒരു കഥ രൂപപ്പെടുത്തിയെടുത്തു. എന്നാൽ, അങ്ങനെ ഒരു സിനിമ പൂർത്തിയാക്കാൻ വലിയ ബജറ്റ് വേണ്ടിവരും. താരങ്ങളുടെ കോംപിനേഷൻ ഡേറ്റുകൾ തന്നെ മുപ്പതിലേറെ ദിവസങ്ങൾ വേണം. ഇവിടെ ആകെ 12 ദിവസത്തെ ഡേറ്റുകളാണ് മമ്മൂട്ടിയോടും മോഹൻലാലിനോടും വാങ്ങിയിരിക്കുന്നത്. അതുതന്നെ മറ്റു സിനിമകളുടെ ജോലിക്കിടയിൽനിന്ന് അഡ്ജസ്റ്റ് ചെയ്ത് വരുന്നതാണ്. അതുകൊണ്ട് ആ വമ്പൻ പദ്ധതി വേണ്ടെന്നുവച്ചു. ചെറിയൊരു കഥ ആലോചിക്കാം എന്നു തീരുമാനിച്ചു.
ഇതിനിടയിൽ ജോഷി–ഉദയകൃഷ്ണ–സിബി കെ.തോമസ് ടീമിന്റെ ‘ജൂലൈ 4’ എന്ന സിനിമ പുറത്തിറങ്ങി. പടം പരാജയമായതോടെ ‘അമ്മ’യുടെ തലപ്പത്തും ചില അടക്കംപറച്ചിലുകൾ തുടങ്ങി. ആത്മവിശ്വാസം നഷ്ടപ്പെട്ട ഉദയകൃഷ്ണയും സിബി കെ.തോമസും അമ്മയുടെ പ്രസിഡന്റായ ഇന്നസന്റിനെയും നിർമാതാവായ ദിലീപിനെയും നേരിൽക്കണ്ട്, ഈ പ്രോജക്ടിൽനിന്നു പിന്മാറുകയാണെന്ന് അറിയിച്ചു.
കുറച്ചുദിവസം കഴിഞ്ഞു ഉദയകൃഷ്ണയും സിബി കെ. തോമസും രണ്ടു സുഹൃത്തുക്കളും കൂടി കൊച്ചിയിലെ ഒരു ഹോട്ടലിൽ ചായകുടിക്കാൻ കയറി. ‘ജൂലൈ 4’ന്റെ പരാജയമായിരുന്നു പ്രധാന ചർച്ച. തിരക്കഥയല്ല കഥയാണ് ആ സിനിമയെ ചതിച്ചത് എന്നായിരുന്നു എല്ലാവരുടെയും വിലയിരുത്തൽ. സത്യത്തിൽ ‘ജൂലൈ 4’നു വേണ്ടി ആദ്യം ആലോചിച്ച കഥ കുറെക്കൂടി മികച്ചതായിരുന്നു. എന്നാൽ, ഒരു ജോഷിപ്പടത്തിനു വേണ്ട കരുത്ത് ആ കഥയ്ക്കില്ലായിരുന്നു.
ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ആ കഥ വളരെ രസകരമായി ഉദയകൃഷ്ണ അവിടെയിരുന്നു സുഹൃത്തുക്കളോടു പറഞ്ഞു. ഇന്ദ്രജിത്ത് ആയിരുന്നു ആ കഥയിലെ മറ്റൊരു പ്രധാന താരം. രണ്ടു കൊലപാതകങ്ങൾ ചെയ്തു ജയിലിൽ പോകുന്ന ഇന്ദ്രജിത്തിനെ തന്ത്രങ്ങളും കുതന്ത്രങ്ങളും ഉപയോഗിച്ച് ദിലീപ് രക്ഷപ്പെടുത്തുന്നതാണ് കഥ. എന്നാൽ, ജയിലിൽനിന്ന് പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ദിലീപിനോടു പറയുന്നു. ‘‘വക്കീലേ, നിങ്ങൾ കരുതുന്നതല്ല സത്യം. ഞാനാണ് ഈ രണ്ടു കൊലപാതകങ്ങളും ചെയ്തത്. എന്റെ ഈ കൈകൊണ്ട്.’’ പിന്നെയാണ് ദിലീപ് അറിയുന്നത്, ഒരു കൊടുംക്രിമിനലിനെയാണ് സഹായിച്ചതെന്ന്. ഒടുവിൽ നിയമത്തിന്റെ വഴിയുപേക്ഷിക്കുന്ന വക്കീൽ, വില്ലനെ വെടിവച്ചുകൊല്ലുന്നു.
ഈ കഥ കേട്ട ഉടനെ സുഹൃത്തായ കെ.പി.വ്യാസനാണ് ചോദിക്കുന്നത്, നിങ്ങൾക്കിത് മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് ആലോചിച്ചുകൂടേ എന്ന്. അങ്ങനെ വക്കീൽ വേഷം മമ്മൂട്ടിക്കു വേണ്ടി മാറ്റി. കൊലപാതകിയുടെ വേഷം കുറച്ചു മാറ്റങ്ങളോടെ മോഹൻലാലിനും നൽകി. കൊലപാതകിയും വക്കീലുമായി, ഇനി വേണ്ടത് ഒരു പൊലീസുകാരനാണ്. സുരേഷ് ഗോപിയെ ആ വേഷത്തിലേക്കു കൊണ്ടുവന്നു. പെട്ടെന്നാണ് പിന്നെ കഥ വികസിച്ചത്.
പിറ്റേന്നു രാവിലെ കൊൽക്കത്തയിലേക്കുള്ള രണ്ടു വിമാന ടിക്കറ്റുകളുമായി ദിലീപിന്റെ സഹോദരൻ അനൂപ് ഉദയകൃഷ്ണയുടെ വീട്ടിൽ എത്തുന്നു. ബ്ലെസ്സിയുടെ ‘കൽക്കട്ട ന്യൂസി’ന്റെ ലൊക്കേഷനിലാണ് ദിലീപ് അപ്പോൾ. ഇന്നസന്റും അവിടെയുണ്ട്. രണ്ടുദിവസം കൊണ്ടു കഥയുടെ ഏതാണ്ട് രൂപമുണ്ടാക്കി ജോഷിയെ ഫോണിൽ വിളിക്കുന്നു. നേരത്തെ തന്നെ ഈ കഥ അറിയാവുന്നതുകൊണ്ട് അദ്ദേഹത്തിനും സംഗതി ഇഷ്ടമായി. ജോഷിയും ചില നിർദേശങ്ങൾ പറഞ്ഞു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. താരങ്ങളുടെ പോർവിളിയും പോരാട്ടവുമായി ട്വന്റി 20യുടെ തിരക്കഥ ഒരുങ്ങി.
നേരത്തെ പ്ലാൻ ചെയ്ത സിനിമയുടെ ക്ലൈമാക്സാണ് ട്വന്റി 20യുടെ ഇന്റർവെൽ പഞ്ച്. ‘‘ഞാനാണ് കൊന്നത്; ഈ കൈകൾ കൊണ്ട്. എനിക്കിനി രണ്ടു വധശിക്ഷകൂടി നടപ്പാക്കാനുണ്ട്. ജഡ്ജിയും ആരാച്ചാരും ഞാൻ തന്നെയായതുകൊണ്ട് ഞാനിനി അൽപം തിരക്കിലായിരിക്കും’’ എന്ന് മോഹൻലാൽ പറയുമ്പോൾ തിയറ്ററുകൾ ഇളകിമറിയുകയായിരുന്നു. കാലിൽ ചെരിപ്പ് ഇടുന്നു, കയ്യിൽ വാച്ച് കെട്ടുന്നു, ഷർട്ടിന്റെ കൈ തെറുത്തുകയറ്റി മുണ്ടൊന്നു മടക്കിക്കുത്തുന്നു. ഇത്രേയുണ്ടായിരുന്നുള്ളു ലാലിന്റെ രൂപമാറ്റം. പക്ഷേ, അഭിനയിച്ചത് മോഹൻലാലും സംവിധാനം ചെയ്തത് ജോഷിയുമായപ്പോൾ അതുവരെയുള്ള കലക്‌ഷൻ റെക്കോർഡുകൾ പഴങ്കഥയായി.
പിന്നീട് മലയാള സിനിമയിൽ പലരും പല വിധത്തിൽ ഈ ഇന്റർവെൽ രംഗം അനുകരിച്ചിട്ടുണ്ടെങ്കിലും ഇത്രയും ആവേശം തിയറ്ററിൽ ഉണ്ടായിട്ടില്ല.
ഈ സീൻ എഴുതുമ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സുരേഷ് ഗോപികൂടി ഉണ്ടായിരുന്നു. ആന്റണി പുന്നക്കാടൻ എന്ന ഐപിഎസുകാരനുമുണ്ടായിരുന്നു ആ സീനിൽ ചില പഞ്ച് ഡയലോഗുകൾ. എന്നാൽ, സീൻ ചിത്രീകരിക്കുന്ന ദിവസം സുരേഷ് ഗോപിക്കു പെട്ടെന്നു കണ്ണിനു സുഖമില്ലാതായി. അങ്ങനെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഒഴിവാക്കി സീൻ മാറ്റിയെഴുതുകയായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും, സിനിമ വിജയിക്കും എന്ന കാര്യത്തിൽ നടീനടന്മാർക്കൊന്നും തന്നെ വിശ്വാസമില്ലായിരുന്നു. ഇതിൽ എന്താണ് ചെയ്തുവച്ചിരിക്കുന്നതെന്ന് പലർക്കും മനസ്സിലായില്ല എന്നു പറയുന്നതാവും ശരി. എന്നാൽ,‘‘ഈ പടം ചരിത്രം സൃഷ്ടിക്കും; നോക്കിക്കോ’’ എന്നു സുരേഷ് ഗോപി മാത്രം പരസ്യമായി പറഞ്ഞു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.
ട്വന്റി 20 കണ്ടിട്ട് തിരക്കഥയുടെ പെരുന്തച്ചനായ എം.ടി.വാസുദേവൻനായർ പറഞ്ഞൊരു വാക്യം കൂടി കുറിക്കട്ടെ: ‘‘ഇതിലെ സൂപ്പർ താരം, ആ കുട്ടികളുടെ തിരക്കഥയാണ്; വേറെയൊന്നുമല്ല’’.
Dileep was supposed to be a lawyer, Indrajith was supposed to be the accused; The story of 'Twenty 20' changed at a hotel in Kochi



































