---
title: "ബിക്കിനി ധരിച്ച് കാണണം..ക്യാമറയ്ക്ക് മുന്നിലല്ല, എന്റെ മുന്നിലെന്ന് സംവിധായകൻ! ദുരനുഭവം വിവരിച്ച്‌ നടി"
english_title: "casting couch experience bikini demand madalsa sharma"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356631/casting-couch-experience-bikini-demand-madalsa-sharma"
published_at: "2026-05-01T14:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f471ee5b0e5_maneesha.jpg"
keywords: []
---

# ബിക്കിനി ധരിച്ച് കാണണം..ക്യാമറയ്ക്ക് മുന്നിലല്ല, എന്റെ മുന്നിലെന്ന് സംവിധായകൻ! ദുരനുഭവം വിവരിച്ച്‌ നടി

> **Lead Summary:** ** താൻ **നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി മദാൽസ ശർമ. ഒരു സിനിമയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രമുഖ സംവിധായകനിൽനിന്ന് ദുരനുഭവമുണ്ടായതെന്ന് താരം പറഞ്ഞു.

## Article Content

** താൻ **നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി മദാൽസ ശർമ. ഒരു സിനിമയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രമുഖ സംവിധായകനിൽനിന്ന് ദുരനുഭവമുണ്ടായതെന്ന് താരം പറഞ്ഞു.

എന്നാൽ, താൻ സാഹചര്യത്തെ ശരിയായി നേരിടുകയും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തതായും മദാൽസ പറഞ്ഞു. ദി മെയിൽ ഫെമിനിസ്റ്റ് പോഡ്കാസ്റ്റിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

'അറിയപ്പെടുന്നൊരു ചലച്ചിത്ര സംവിധായകൻ കൂടിക്കാഴ്ചയ്ക്കായി എന്നെ വിളിച്ചു. ആ സമയം എനിക്ക് 19 വയസ് മാത്രമാണ് പ്രായം. ബിക്കിനി ധരിക്കുന്നതിന് കുഴപ്പമില്ലാത്ത നടിയെയാണ് തനിക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സത്യസന്ധമായി പറയട്ടെ, അപ്പോൾ അതെനിക്ക് വലിയൊരു കാര്യമായി തോന്നിയില്ല. ഞാൻ ഓകെ പറഞ്ഞു. തുടർന്ന് കഥ കേൾക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു.

ബിക്കിനി രംഗം കഥയ്ക്ക് ആവശ്യമാണോ എന്നറിയാനായിരുന്നു അത്. 19 വയസേ പ്രായമുണ്ടായിരുന്നുള്ളുവെങ്കിലും ഞാൻ സ്മാർട്ടായിരുന്നു.' -മദാൽസ പറഞ്ഞു.

'എന്നെ ബിക്കിനി ധരിച്ച് കാണണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു. എന്റെ ശരീരഭാഷ കാണാനും ക്യാമറയ്ക്ക് മുന്നിൽ ബിക്കിനി ധരിച്ച് നിൽക്കുന്നത് എനിക്ക് കംഫർട്ടബിളാണോ എന്ന് അറിയാനുമായിരുന്നത്രെ അത്. ഞാൻ പറഞ്ഞു, സോറി. അഭിനയിക്കുകയെന്നതാണ് എന്റെ ജോലി.

ബിക്കിനി രംഗം ആവശ്യമാണെങ്കിൽ അല്ലെങ്കിൽ സാരിയോ ലഹങ്കയോ ധരിക്കണമെങ്കിൽ ക്യാമറയ്ക്ക് മുന്നിൽ ഞാനത് ധരിക്കാൻ തയ്യാറാണ്. എന്റെ ജോലിയുടെ ഭാഗമായതിനാൽ ഞാനതിൽ കംഫർട്ടബിളുമാണ്. എന്നാൽ നിങ്ങളുടെ മുന്നിൽ അത് ധരിക്കുക എന്റെ ജോലിയുടെ ഭാഗമല്ല.

എന്റെ കഴിവിനെ വിശ്വസിച്ചതിന്റെ പേരിൽ എന്നെ തിരഞ്ഞെടുക്കണമെങ്കിൽ നിങ്ങൾക്ക് അതാകാം. അല്ലെങ്കിൽ പുറത്തേക്ക് പോകാനുള്ള വഴി എനിക്കറിയാം. തുടർന്ന് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോയി.' -മദാൽസ ശർമ പറഞ്ഞു.

കുറച്ചുദിവസങ്ങൾക്ക് ശേഷം അതേ സിനിമയെ കുറിച്ചുള്ള റിപ്പോർട്ട് താൻ കണ്ടുവെന്നും അതിലെ നടിയും സംവിധായകനും ഡേറ്റ് ചെയ്യുകയാണെന്ന് അറിഞ്ഞുവെന്നും മദാൽസ കൂട്ടിച്ചേർത്തു. അനുപമ എന്ന ടിവി ഷോയിലൂടെ ടെലിവിഷൻ ലോകത്ത് തരംഗം സൃഷ്ടിച്ച നടിയാണ് മദാൽസ ശർമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/356631/casting-couch-experience-bikini-demand-madalsa-sharma)