---
title: "'പ്രതിഫലം നൽകിയില്ല,അവസരങ്ങൾ തടയുകയും ചെയ്തു, ആത്മഹത്യയുടെ വക്കിലെത്തിച്ചു'; തമിഴ് സീരീസ് അണിയറപ്രവർത്തകർക്കെതിരെ മലയാളി നടി അനുഗ്രഹ"
english_title: "Malayali actress Anugraha against Tamil series crew"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355680/malayali-actress-anugraha-against-tamil-series-crew"
published_at: "2026-04-27T10:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eef23874c8f_Malayali_actress_Anugraha_against_Tamil_series_crew.jpg"
keywords: []
---

# 'പ്രതിഫലം നൽകിയില്ല,അവസരങ്ങൾ തടയുകയും ചെയ്തു, ആത്മഹത്യയുടെ വക്കിലെത്തിച്ചു'; തമിഴ് സീരീസ് അണിയറപ്രവർത്തകർക്കെതിരെ മലയാളി നടി അനുഗ്രഹ

> **Lead Summary:** ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ 'റിസോർട്ട്' എന്ന തമിഴ് വെബ് സീരീസിന്റെ അണിയറപ്രവർത്തകർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർ. സീരീസിലെ നായകനും തിരക്കഥാകൃത്തുമായ വിജയ് കുമാർ, ഭാര്യ നക്ഷത്രാ മൂർത്തി, നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സ് എന്നിവർക്കെതിരെയാണ് നടി രംഗത്തെത്തിയത്.

## Article Content

ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ 'റിസോർട്ട്' എന്ന തമിഴ് വെബ് സീരീസിന്റെ അണിയറപ്രവർത്തകർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർ. സീരീസിലെ നായകനും തിരക്കഥാകൃത്തുമായ വിജയ് കുമാർ, ഭാര്യ നക്ഷത്രാ മൂർത്തി, നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സ് എന്നിവർക്കെതിരെയാണ് നടി രംഗത്തെത്തിയത്.

ഒരു വർഷത്തെ കരാറിൽ ഒപ്പിട്ട ശേഷം ചിത്രീകരണം കൃത്യസമയത്ത് നടത്താതെ തന്റെ മറ്റ് സിനിമ അവസരങ്ങൾ ഇവർ തടഞ്ഞുവെന്നും, കരാർ പ്രകാരമുള്ള പ്രതിഫലം നൽകിയില്ലെന്നുമാണ് അനുഗ്രഹ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. വിഷയത്തിൽ താരസംഘടനയായ 'അമ്മ'യിലും തമിഴ് നടികർ സംഘത്തിലും പരാതി നൽകിയിട്ടുണ്ടെന്നും നടി അറിയിച്ചു.

നിർമാണക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് താൻ മാനസികമായി തകർന്നെന്നും ആത്മഹത്യയുടെ വക്കിലെത്തി എന്നും നടി വീഡിയോയിലൂടെ കൂട്ടിച്ചേർത്തു. സാമ്പത്തികമായും ശാരീരികമായും വലിയ പ്രതിസന്ധികൾ നേരിട്ടു. തന്നെ അവഹേളിക്കുന്ന രീതിയിൽ വിജയ് കുമാറും ഭാര്യയും സംസാരിച്ചുവെന്നും നടി ആരോപിച്ചു. 'ഒരു വർഷത്തേക്ക് അഭിനയിക്കാൻ കരാർ ഒപ്പിട്ടു. നാലുമാസമായി തന്നെ ഷൂട്ടിങ്ങിന് വിളിക്കുന്നില്ല. ഏഴ് മാസമായി തുടരുന്ന പ്രശ്‌നങ്ങൾ കഴിഞ്ഞ ഒന്നു രണ്ടു മാസത്തിനിടെ കൂടുതൽ വഷളായി. മറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ അനുമതി ചോദിച്ചാൽ കരാർ ചൂണ്ടിക്കാട്ടി തടയും. പക്ഷേ, സീരീസിന്റെ ഷൂട്ടുമുണ്ടാവില്ല. ജിയോഹോട്ട്സ്റ്റാറിന്റെ തന്നെ മറ്റൊരു പ്രൊജക്ട് തനിക്ക് അങ്ങനെ നഷ്ടമായി', അനുഗ്രഹ പറഞ്ഞു.

തനിക്ക് അസുഖം ബാധിച്ച് ആശുപത്രിയിൽ ആയിരുന്നപ്പോൾ, അക്കാര്യം അറിയിച്ച സുഹൃത്തിനോട് 'അവളെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കൂ, അല്ലെങ്കിൽ വന്ന് വേഷം ചെയ്യാൻ പറയൂ', എന്ന് വിജയ് കുമാറിന്റെ ഭാര്യ പറഞ്ഞുവെന്ന് നടി ആരോപിച്ചു. നേരിട്ട മാനസിക പീഡനങ്ങൾ മൂലം തനിക്ക് അപസ്മാരമുണ്ടായി. ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. സംഭവങ്ങൾ തന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും തളർത്തിയെന്നും നടി വിഡിയോയിൽ വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/355680/malayali-actress-anugraha-against-tamil-series-crew)