---
title: "'എന്നെ പുകഴ്‌ത്താൻ സാനിയയെ താഴ്ത്തിക്കെട്ടി; അവൾ പേടിച്ച് ഓടിയതാണെന്ന് അവർ എഴുതി..'; വിദേശ മാധ്യമത്തിനെതിരെ എസ്തർ"
english_title: "Esther against foreign media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355669/esther-against-foreign-media"
published_at: "2026-04-27T10:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eeeaca0de3d_Esther_against_foreign_media.jpg"
keywords: []
---

# 'എന്നെ പുകഴ്‌ത്താൻ സാനിയയെ താഴ്ത്തിക്കെട്ടി; അവൾ പേടിച്ച് ഓടിയതാണെന്ന് അവർ എഴുതി..'; വിദേശ മാധ്യമത്തിനെതിരെ എസ്തർ

> **Lead Summary:** മലയാളികൾക്ക് പ്രിയപ്പെട്ട താരമായ എസ്തർ അനിൽ വിദേശത്ത് പഠിക്കുമ്പോൾ തനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ നിന്നും മാസ്റ്റേഴ്സ് പൂർത്തിയാക്കിയ എസ്തർ, യുകെയിലെ ഒരു മാധ്യമം തന്നെയും നടി സാനിയ അയ്യപ്പനെയും താരതമ്യം ചെയ്തുകൊണ്ട് വാർത്ത നൽകിയതിനെതിരെയാണ് രംഗത്തെത്തിയത്.

## Article Content

മലയാളികൾക്ക് പ്രിയപ്പെട്ട താരമായ എസ്തർ അനിൽ വിദേശത്ത് പഠിക്കുമ്പോൾ തനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ നിന്നും മാസ്റ്റേഴ്സ് പൂർത്തിയാക്കിയ എസ്തർ, യുകെയിലെ ഒരു മാധ്യമം തന്നെയും നടി സാനിയ അയ്യപ്പനെയും താരതമ്യം ചെയ്തുകൊണ്ട് വാർത്ത നൽകിയതിനെതിരെയാണ് രംഗത്തെത്തിയത്.

തന്നെ പുകഴ്ത്തുന്നതിനായി സാനിയയെ താഴ്ത്തിക്കെട്ടുന്ന രീതിയിലായിരുന്നു ആ വാർത്തയെന്നും അത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്നും എസ്തർ വ്യക്തമാക്കി. ബാലതാരമായി എത്തി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത എസ്തർ നായികയായി എത്തുന്ന ദൃശ്യം 3 റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ തുറന്നുപറച്ചിൽ ചർച്ചയാകുന്നത്.

> "വളരെ വിഷമിപ്പിച്ചൊരു കാര്യമുണ്ട്. സാനിയയുടെ അഭിമുഖത്തിന് ശേഷമാണ്. യുകെയിലെ പ്രമുഖ മാധ്യമത്തെക്കുറിച്ചാണ്. ചിലപ്പോള്‍ ഈ അഭിമുഖത്തിന് ശേഷം എന്നെക്കുറിച്ച് മുഴുവന്‍ നെഗറ്റീവ് ആയിരിക്കും അവര്‍ എഴുതുക. അവിടെ എല്ലാവരും വായിക്കുന്ന മാധ്യമമാണ്. സാനിയ അയ്യപ്പന്‍ വന്നപ്പോള്‍ റേസിസം നേരിട്ടു, പക്ഷെ എസ്തറിന് വലിയ യൂണിവേഴ്‌സിറ്റിയില്‍ കിട്ടി എന്നൊക്കെ എഴുതി. മറ്റേയാള്‍ക്ക് സ്റ്റാര്‍ഡം ഒന്നുമില്ലാത്തതിനാല്‍ ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ പേടിച്ച് ഓടിയതാണ് എന്നാണ് പറഞ്ഞത്." എസ്തർ പറയുന്നു.

> "അവളെ താഴ്ത്തിക്കെട്ടുകയും എന്നെ പുകഴ്ത്തുകയും ചെയ്തു. എനിക്കതില്‍ യുക്തി കാണാനായില്ല. വിഷമം തോന്നി. ഞാന്‍ സാനിയയ്ക്ക് മെസേജ് അയച്ചു. ഞങ്ങളൊക്കെ ഏകദേശം ഒരേ പ്രായത്തിലുള്ളവരാണ്. ഞാനായിട്ട് എഴുതിപ്പിച്ചതാണെന്ന് തോന്നരുത് എന്ന് കരുതിയാണ് ഞാന്‍ മെസേജ് അയച്ചത്. സാനിയ വളരെ കൂളായിരുന്നു. ആളുകളാണ് നമ്മളെ ശത്രുക്കളാക്കുന്നത്. അല്ലാതെ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്." എസ്തർ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എസ്തറിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/355669/esther-against-foreign-media)