തൃശ്ശൂർ: ( www.truevisionnews.com ) തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ പൂരത്തിന്റെ എല്ലാ ചടങ്ങുകളും നടന്നിരുന്നതായി സമാനമായി ഇക്കുറിയും അങ്ങനെ ചെയ്യണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നുവന്നതെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു. ഈ തീരുമാനങ്ങൾ നാളെ നടക്കുന്ന യോഗത്തിലും അറിയിക്കും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
2006 ൽ പാറമേക്കാവുമായി ബന്ധപ്പെട്ട് പരിസരത്ത് ഒരു വെടിക്കെട്ട് അപകടം നടന്നു. അന്ന് പൂരവും കുടമാറ്റവും ഭംഗിയായിട്ട് നടന്നു. വെടിക്കെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടായിരുന്നു. ആ ഒരു സാഹചര്യം ഉണ്ടാവണമെന്ന പൊതുവികാരമാണ് ഇന്നത്തെ മീറ്റിങ്ങിലുണ്ടായത്.- പാറമേക്കാവ് ദേവസ്വം അധികൃതർ പറഞ്ഞു.
2006 ൽ അപകടമുണ്ടായ സമയത്ത് കുടമാറ്റമടക്കമുള്ള എല്ലാ കാര്യങ്ങളും നടന്നു. വെടിക്കെട്ട് പ്രതീകാത്മകമായിട്ട് എന്തെങ്കിലും ചെയ്യണം. എന്നാൽ നിർമിച്ച പടക്കങ്ങൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെടുക്കേണ്ടതുണ്ടെന്നും അറിയിച്ചു. 75 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. പലരുടെയും ഒൻപത് മാസത്തെ പ്രവർത്തനമാണ്. അതിനാൽ ആചാരങ്ങൾ എല്ലാം നടത്തണമെന്നാണ് പൊതുവികാരം. നാളത്തെ യോഗത്തിൽ ഇക്കാര്യം അറിയിക്കുമെന്നും പാറമേക്കാവ് പ്രതിനിധികൾ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തൃശ്ശൂർ കളക്ടറേറ്റിലാണ് യോഗം നടക്കുന്നത്. ബന്ധപ്പെട്ട ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ആ യോഗത്തിൽ പൂരവുമായി ബന്ധപ്പെട്ട തുടർനടപടികൾ എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളും.
പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ കഴിഞ്ഞ ദിവസമാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. 14 പേർ ഇതിനകം മരിച്ചു. 12 പേർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ അഞ്ചുപേർക്ക് 70 ശതമാനത്തിലധികം പൊള്ളലുണ്ട്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാരംഭിച്ച സ്‌ഫോടനപരമ്പര രണ്ടുമണിക്കൂറോളം തുടർന്നു.
thrissur pooram 2026 paramekkavu devaswom






























