---
title: "‘കുട്ടിക്കാലത്തെ മുറിവുകൾ ഇപ്പോഴും മാറിയിട്ടില്ല, പ്രശസ്തിക്കിടയിലും ഞാൻ അലയുകയായിരുന്നു’; ജാസ്മിൻ സാന്റ്‌ലാസിന്റെ വെളിപ്പെടുത്തൽ"
english_title: "Jasmine Santlas' revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354624/jasmine-santlas-revelation"
published_at: "2026-04-21T15:29:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e74b238854c_Jasmine_Santlas_revelation.jpg"
keywords: []
---

# ‘കുട്ടിക്കാലത്തെ മുറിവുകൾ ഇപ്പോഴും മാറിയിട്ടില്ല, പ്രശസ്തിക്കിടയിലും ഞാൻ അലയുകയായിരുന്നു’; ജാസ്മിൻ സാന്റ്‌ലാസിന്റെ വെളിപ്പെടുത്തൽ

> **Lead Summary:** **[**അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ധുരന്ധർ: ദി റിവഞ്ചിലെ’ ഗാനങ്ങളിലൂടെ തരംഗമായി മാറിയിരിക്കുകയാണ് ഗായിക ജാസ്മിൻ സാന്റ്‌ലാസ്. കരിയറിൽ വലിയ വിജയങ്ങൾ ആഘോഷിക്കുമ്പോഴും, തന്റെ കഴിഞ്ഞകാലത്തെ കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും മദ്യപാനത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്. രൺവീർ അല്ലാബാദിയയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ജാസ്മിൻ തന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

## Article Content

**[**അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ധുരന്ധർ: ദി റിവഞ്ചിലെ’ ഗാനങ്ങളിലൂടെ തരംഗമായി മാറിയിരിക്കുകയാണ് ഗായിക ജാസ്മിൻ സാന്റ്‌ലാസ്. കരിയറിൽ വലിയ വിജയങ്ങൾ ആഘോഷിക്കുമ്പോഴും, തന്റെ കഴിഞ്ഞകാലത്തെ കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും മദ്യപാനത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്. രൺവീർ അല്ലാബാദിയയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ജാസ്മിൻ തന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

കുട്ടിക്കാലത്ത് മാതാപിതാക്കളിൽ നിന്നുണ്ടായ ചില അനുഭവങ്ങൾ തന്റെ മനസ്സ് തകർത്തുവെന്നും ആ മുറിവുകൾ ഇപ്പോഴും മാറിയിട്ടില്ലെന്നും ജാസ്മിൻ പറഞ്ഞു. ‘അവർ അറിയാതെയാണെങ്കിലും പലതവണ എന്റെ ഹൃദയം തകർത്തിട്ടുണ്ട്. ഒരു കുട്ടിയുടെ ഹൃദയം തകർന്നാൽ അത് അങ്ങനെ തന്നെ അവശേഷിക്കും. സുരക്ഷിതമായ ഒരിടം ലഭിക്കാതെ വരുമ്പോൾ നമ്മൾ മറ്റെന്തിലെങ്കിലും അഭയം തേടും. എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഒരു വീടിനായി അലയുകയായിരുന്നു’ - ജാസ്മിൻ പറഞ്ഞു.

വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു വ്യക്തിജീവിതത്തിൽ ജാസ്മിൻ വലിയ തകർച്ച നേരിട്ടത്. പ്രശസ്തി ഒരു വശത്ത് വളരുമ്പോഴും പിതാവിന്റെ വേർപാട് കുടുംബത്തിന്റെ താളം തെറ്റിച്ചു. ഇതിനെത്തുടർന്നുണ്ടായ മാനസിക വിഷമങ്ങളിൽ നിന്ന് രക്ഷപെടാൻ ആ രണ്ടുമൂന്ന് വർഷങ്ങളിൽ താൻ അമിതമായി മദ്യപിച്ചിരുന്നുവെന്ന് താരം സമ്മതിച്ചു. മുൻപുണ്ടായ പ്രണയപരാജയവും മദ്യപാനത്തിന് കാരണമായതായി ജാസ്മിൻ വെളിപ്പെടുത്തി. ‘മദ്യപാനത്തിൽ എനിക്ക് ഇപ്പോൾ ഖേദമുണ്ട്, പക്ഷേ അന്നത്തെ സാഹചര്യത്തിൽ എനിക്ക് അത് ആവശ്യമായിരുന്നു. ജീവിതം നമ്മളെ തളർത്തുമ്പോൾ നമ്മൾ ആരുടെയെങ്കിലും പിന്തുണ ആഗ്രഹിച്ചുപോകും’ - താരം വ്യക്തമാക്കി.

ജലന്ധറിൽ ജനിച്ച ജാസ്മിൻ കാലിഫോർണിയയിലാണ് വളർന്നത്. 2008-ൽ 'മുസ്കാൻ' എന്ന പാട്ടിലൂടെയാണ് കരിയർ തുടങ്ങിയത്. 2014-ൽ സൽമാൻ ഖാൻ ചിത്രം 'കിക്കിലെ' 'യാർ നാ മിലെ' എന്ന ഗാനം ജാസ്മിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. ശാശ്വത് സച്ച്ദേവ് സംഗീതം നൽകിയ 'ധുരന്ധറിലെ' പാട്ടുകളും ഇപ്പോൾ ചാർട്ട്ബസ്റ്ററുകളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/354624/jasmine-santlas-revelation)