ആലപ്പുഴ: (truevisionnews.com) ഇറാനിലെ തുറമുഖത്ത് കപ്പൽ കമ്പനിയുടെ അനാസ്ഥയെത്തുടർന്ന് കുടുങ്ങിക്കിടക്കുന്ന ആലപ്പുഴ സ്വദേശി ജെറിൻ ജോർജ് ഉൾപ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി.
ദുബായ് ആസ്ഥാനമായുള്ള സീ സ്റ്റാർ ഷിപ്പിംഗ് കമ്പനിയുടെ ചരക്ക് കപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ജെറിനും മറ്റ് 12 മലയാളികളുമാണ് കഴിഞ്ഞ 45 ദിവസമായി ദുരിതമനുഭവിക്കുന്നത്. എട്ടുമാസം മുൻപ് ജോലിയിൽ പ്രവേശിച്ച ജെറിൻ കഴിഞ്ഞ മാർച്ചിൽ നാട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു.
എന്നാൽ ഫെബ്രുവരിയിൽ മേഖലയിൽ ഉടലെടുത്ത യുദ്ധസാഹചര്യത്തെത്തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന ഇറാനിയൻ കപ്പൽ തുറമുഖത്തേക്ക് മാറ്റുകയായിരുന്നു. നിലവിൽ കപ്പലിലെ ഭക്ഷണസാധനങ്ങളും മറ്റും തീർന്നുതുടങ്ങിയതായും അതീവ പ്രയാസത്തിലാണ് തങ്ങൾ കഴിയുന്നതെന്നും ജെറിൻ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.
പണം നൽകിയാൽ മാത്രമാണ് നാട്ടിലേക്ക് വിളിക്കാൻ സാധിക്കുന്നത്. മകനെ കൊണ്ടുപോയ ഏജൻസിയോ കപ്പൽ കമ്പനിയോ നിലവിൽ കൃത്യമായ മറുപടി നൽകുന്നില്ലെന്നാണ് ജെറിന്റെ അമ്മ ലില്ലി സങ്കടത്തോടെ പറയുന്നത്. മകനെ തിരികെ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ അധികൃതരോട് അഭ്യർത്ഥിച്ചു.
വിഷയത്തിൽ കെ.സി. വേണുഗോപാൽ എം.പി, രമേശ് ചെന്നിത്തല എന്നിവർക്ക് പരാതി നൽകുകയും എംബസിയുമായി ബന്ധപ്പെടുകയും ചെയ്തെങ്കിലും ഇതുവരെ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് ജെറിന്റെ പിതാവ് ജോർജ് ജേക്കബ് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെ ഏക ആവശ്യം.
Alappuzha native stranded on ship in Iran for 45 days

































