തൃശൂർ: (truevisionnews.com) ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസിന്റെ 'വൻതാര' വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ അത്യാധുനിക മൃഗാശുപത്രിയുടെ മാതൃകയിൽ ഗുരുവായൂരിലും പുതിയ സ്പെഷ്യാലിറ്റി മൃഗാശുപത്രി വരുന്നു.
ദേവസ്വം പുന്നത്തൂർ കോട്ടയിലെ ആനകളുടെ മികച്ച രീതിയിലുള്ള രോഗപരിചരണവും സംരക്ഷണവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്യുന്നത്. റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് ചെയർമാൻ അനന്ത് അംബാനിയുടെ ഗുരുവായൂർ സന്ദർശനമാണ് ഈ നീക്കങ്ങൾക്ക് വേഗത കൂട്ടിയത്.
ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി നിർമ്മിക്കുന്നതിന് എല്ലാവിധ സഹായങ്ങളും നൽകാമെന്ന് അനന്ത് അംബാനി ദേവസ്വത്തിന് വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വൻതാരയിലെ സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ ദേവസ്വം ഭാരവാഹികളെ അദ്ദേഹം ജാംനഗറിലേക്ക് ക്ഷണിച്ചു.
മൃഗാശുപത്രിക്ക് പുറമെ ദേവസ്വം ഗോശാലകളുടെ വികസനത്തിനും അദ്ദേഹം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ സമർപ്പിച്ചിരുന്ന രൂപരേഖയിൽ അംബാനിയുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലമായ പ്ലാൻ തയ്യാറാക്കാനാണ് ദേവസ്വം ജീവധന വിഭാഗത്തിന്റെ തീരുമാനം.
വൻതാരയിൽ നിന്നുള്ള വിദഗ്ധ സംഘം വൈകാതെ പുന്നത്തൂർക്കോട്ട സന്ദർശിക്കുമെന്നാണ് സൂചന. റിലയൻസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ യാഥാർത്ഥ്യമാകുന്ന ഈ ആശുപത്രി ഗുരുവായൂരിലെ ആനകളുടെയും പശുക്കളുടെയും സംരക്ഷണത്തിന് വലിയ മാറ്റങ്ങൾ കൊണ്ടുവരും.
ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നതോടെ മൃഗസംരക്ഷണ മേഖലയിൽ ഗുരുവായൂരിനും ഒപ്പം കേരളത്തിനും ഇത് വലിയൊരു മുതൽക്കൂട്ടായി മാറും. പരിഷ്കരിച്ച രൂപരേഖയുമായി ദേവസ്വം പ്രതിനിധികൾ ഉടൻ തന്നെ അനന്ത് അംബാനിയെ സന്ദർശിച്ച് തുടർനടപടികൾ വേഗത്തിലാക്കും.
Anant Ambani lends a helping hand to Guruvayur

































