---
title: "'ഭരതനാട്യ'ത്തിൽ നിന്ന് 'മോഹിനിയാട്ട'ത്തിലേക്ക്; ജോണർ മാറി, പക്ഷേ ചിരിക്ക് കുറവില്ല! ബോക്സ് ഓഫീസിൽ കുതിപ്പ്"
english_title: "From 'Bharatanatyam' to 'Mohiniyattam'; The genre has changed, but there is no shortage of laughter! A surge at the box office"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353360/from-bharatanatyam-to-mohiniyattam-the-genre-has-changed-but-there-is-no-shortage-of-laughter-a-surge-at-the-box-office"
published_at: "2026-04-14T15:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de14612e11d_QWAESD.jpg"
keywords: []
---

# 'ഭരതനാട്യ'ത്തിൽ നിന്ന് 'മോഹിനിയാട്ട'ത്തിലേക്ക്; ജോണർ മാറി, പക്ഷേ ചിരിക്ക് കുറവില്ല! ബോക്സ് ഓഫീസിൽ കുതിപ്പ്

> **Lead Summary:** **[** മലയാള സിനിമയിൽ സീക്വലുകളുടെ ട്രെൻഡ് തുടരുന്നതിനിടയിൽ, മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് സൈജു കുറുപ്പിന്റെ 'മോഹിനിയാട്ടം'. 2024-ൽ പുറത്തിറങ്ങിയ 'ഭരതനാട്യം' എന്ന കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഏപ്രിൽ 10-ന് റിലീസ് ചെയ്ത ഈ ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

## Article Content

**[** മലയാള സിനിമയിൽ സീക്വലുകളുടെ ട്രെൻഡ് തുടരുന്നതിനിടയിൽ, മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് സൈജു കുറുപ്പിന്റെ 'മോഹിനിയാട്ടം'. 2024-ൽ പുറത്തിറങ്ങിയ 'ഭരതനാട്യം' എന്ന കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഏപ്രിൽ 10-ന് റിലീസ് ചെയ്ത ഈ ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

ആദ്യ ഭാഗം ഒരു കോമഡി ഡ്രാമയായിരുന്നെങ്കിൽ, 'മോഹിനിയാട്ടം' ഒരു ഡാർക്ക് കോമഡി ത്രില്ലറാണ്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ചിത്രം, ഭരതനാട്യത്തിലൂടെ പ്രേക്ഷകർക്ക് പരിചയമുള്ള ആ പഴയ കുടുംബത്തിൽ നടക്കുന്ന അസാധാരണ സംഭവങ്ങളെയാണ് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്ന ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ വരുമാനക്കണക്കുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ആദ്യ ദിനം 52 ലക്ഷം നേടിയ ചിത്രം രണ്ടാം ദിനം 81 ലക്ഷവും മൂന്നാം ദിനം 1.2 കോടിയും നേടി. 1.09 കോടിയാണ് നാലാം ദിവസത്തെ കളക്ഷന്‍. അങ്ങനെ ആദ്യ 4 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ചിത്രം 3.62 കോടി നേടിയിട്ടുണ്ട്. അവധിക്കാലമായതിനാല്‍‌ മികച്ച ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രത്തെ കാത്തിരിക്കുന്നതെന്നാണ് അണിയറക്കാരുടെ വിലയിരുത്തല്‍.

ആദ്യ ഭാഗത്തില്‍ സായ് കുമാര്‍ അവതരിപ്പിച്ച ഭരതൻ നായരുടെ മരണശേഷവും അദ്ദേഹം മുൻപ് ഉണ്ടാക്കിവെച്ച വേറെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ശശിധരന്റേയും കുടുംബാഗങ്ങളുടെയും പരിശ്രമവും, സംശയം വിട്ടുമാറാത്ത ചിലരെക്കൊണ്ട് ബുദ്ധിമുട്ടുകയും ചെയ്യുന്ന അവരുടെ അവസ്ഥയും ആണ് ചിത്രം.

തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവാരാണ് പ്രധാന താരങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/353360/from-bharatanatyam-to-mohiniyattam-the-genre-has-changed-but-there-is-no-shortage-of-laughter-a-surge-at-the-box-office)