---
title: "'ജനനായകൻ' റിലീസിന് മുൻപേ ചോർന്നു; കേബിൾ ടിവിയിൽ സിനിമ പ്രദർശിപ്പിച്ച ഓപ്പറേറ്റർ അറസ്റ്റിൽ"
english_title: "Operator arrested for showing 'Jananayakan' movie on cable TV"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353289/operator-arrested-for-showing-jananayakan-movie-on-cable-tv"
published_at: "2026-04-14T11:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddd7664954d_5.jpg"
keywords: []
---

# 'ജനനായകൻ' റിലീസിന് മുൻപേ ചോർന്നു; കേബിൾ ടിവിയിൽ സിനിമ പ്രദർശിപ്പിച്ച ഓപ്പറേറ്റർ അറസ്റ്റിൽ

> **Lead Summary:** **[** വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രം റിലീസിന് മുൻപേ ചോർന്ന സംഭവത്തിൽ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധവും നിയമനടപടികളും. കോയമ്പത്തൂരിലെ ഒരു പ്രാദേശിക കേബിൾ ടിവി ചാനലിലൂടെ സിനിമ പ്രദർശിപ്പിച്ചതിനെത്തുടർന്ന് ചാനൽ ഓപ്പറേറ്ററായ എസ്. പളനിസാമിയെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**[** വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രം റിലീസിന് മുൻപേ ചോർന്ന സംഭവത്തിൽ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധവും നിയമനടപടികളും. കോയമ്പത്തൂരിലെ ഒരു പ്രാദേശിക കേബിൾ ടിവി ചാനലിലൂടെ സിനിമ പ്രദർശിപ്പിച്ചതിനെത്തുടർന്ന് ചാനൽ ഓപ്പറേറ്ററായ എസ്. പളനിസാമിയെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഏപ്രിൽ 11-ന് രാത്രിയിൽ 'റാസി പ്രൈം മൂവി' എന്ന ചാനലിലൂടെയാണ് സിനിമ സംപ്രേഷണം ചെയ്തത്. വിവരമറിഞ്ഞ ടിവികെ പ്രവർത്തകർ കേബിൾ ടിവി ഓഫീസിലെത്തി പ്രദർശനം തടയുകയായിരുന്നു.

ഏകദേശം രണ്ടാം പകുതിയിലെ 21 മിനിറ്റ് വരെ സിനിമ സംപ്രേഷണം ചെയ്തതായാണ് വിവരം. സംഭവസ്ഥലത്തുനിന്ന് നാല് ഹാർഡ് ഡിസ്കുകളും കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകൻ' നേരിടുന്ന പ്രതിസന്ധികൾ കോളിവുഡിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.

പൊങ്കൽ റിലീസ് ആയി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡ് അനുമതി വൈകിയതിനെത്തുടർന്ന് മാസങ്ങളായി റിലീസ് നീണ്ടുപോവുകയായിരുന്നു. ഇതിനിടയിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിലും പ്രാദേശിക ചാനലുകളിലും പ്രചരിക്കുന്നത്.

അതേസമയം, സിനിമ ചോർന്നതിൽ എഡിറ്റർ പ്രദീപ് ഇ. രാഘവിന് പങ്കുണ്ടെന്ന ആരോപണം സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്സ് അസോസിയേഷനും ഫെഫ്സിയും നിഷേധിച്ചു. സെൻസർ അനുമതിക്കായി ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിലേക്ക് അയച്ച പകർപ്പിൽ നിന്നാകാം ചോർച്ചയുണ്ടായതെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.

എഡിറ്റർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഫെഫ്സി പ്രസിഡന്റ് ആർ.കെ. സെൽവമണിയും എഡിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗോപിയും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/353289/operator-arrested-for-showing-jananayakan-movie-on-cable-tv)