---
title: "സിനിമയിൽ പന്ത്രണ്ടാം ക്ലാസ്സുകാരി, നേരിൽ എട്ടാം ക്ലാസ്സിൽ; കന്നിച്ചിത്രത്തിലൂടെത്തന്നെ മലയാളി മനസ്സ് കീഴടക്കി വേദ ശങ്കർ"
english_title: "Veda Shankar conquered Malayali hearts with his debut film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353298/veda-shankar-conquered-malayali-hearts-with-his-debut-film"
published_at: "2026-04-14T11:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dddb0ff0617_6.jpg"
keywords: []
---

# സിനിമയിൽ പന്ത്രണ്ടാം ക്ലാസ്സുകാരി, നേരിൽ എട്ടാം ക്ലാസ്സിൽ; കന്നിച്ചിത്രത്തിലൂടെത്തന്നെ മലയാളി മനസ്സ് കീഴടക്കി വേദ ശങ്കർ

> **Lead Summary:** **[**തിയേറ്ററുകളിൽ വൻ വിജയം കൊയ്ത് മുന്നേറുന്ന 'വാഴ-2' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മലപ്പുറത്തിന്റെ മണ്ണിൽ നിന്ന് ഒരു പുതുമുഖ നായിക കൂടി ചുവടുവെക്കുന്നു. ചിത്രത്തിലെ അലൻ എന്ന കഥാപാത്രത്തിന്റെ സഹോദരി 'അഷ്ന'യായി എത്തിയ വേദ ശങ്കറാണ് തന്റെ കന്നിച്ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

## Article Content

**[**തിയേറ്ററുകളിൽ വൻ വിജയം കൊയ്ത് മുന്നേറുന്ന 'വാഴ-2' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മലപ്പുറത്തിന്റെ മണ്ണിൽ നിന്ന് ഒരു പുതുമുഖ നായിക കൂടി ചുവടുവെക്കുന്നു. ചിത്രത്തിലെ അലൻ എന്ന കഥാപാത്രത്തിന്റെ സഹോദരി 'അഷ്ന'യായി എത്തിയ വേദ ശങ്കറാണ് തന്റെ കന്നിച്ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

സിനിമയിലെ പക്വതയാർന്ന പ്രകടനം കൊണ്ട് ശ്രദ്ധേയയായ വേദ, യഥാർത്ഥത്തിൽ കോട്ടയ്ക്കലിലെ സ്വകാര്യ സി.ബി.എസ്.ഇ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. തന്റെ പ്രായത്തേക്കാൾ മുതിർന്ന പന്ത്രണ്ടാം ക്ലാസുകാരിയുടെ വേഷം മനോഹരമായി കൈകാര്യം ചെയ്ത ഈ കൊച്ചു കലാകാരിക്ക് മികച്ച പിന്തുണയാണ് സിനിമാ പ്രേമികളിൽ നിന്ന് ലഭിക്കുന്നത്.

തിരക്കഥാകൃത്ത് വിപിൻ ദാസ്, സംവിധായകൻ സവിൻഷാ എന്നിവരടങ്ങുന്ന ടീം നൽകിയ പിന്തുണയാണ് തന്റെ കഥാപാത്രത്തെ മികച്ചതാക്കാൻ സഹായിച്ചതെന്ന് വേദ പറയുന്നു. അച്ഛന്റെ സുഹൃത്ത് വഴി ലഭിച്ച വിവരമനുസരിച്ച് ഓഡിഷനിൽ പങ്കെടുത്താണ് വേദ സിനിമയിലേക്ക് എത്തിയത്.

നിരവധി ഘട്ടങ്ങളിലായി നടന്ന ഓഡിഷനൊടുവിലാണ് ഈ വേഷം വേദയെ തേടിയെത്തിയത്. പഠനത്തോടൊപ്പം തന്നെ കലാരംഗത്തും സജീവമായ വേദ, കളരിപ്പയറ്റും നൃത്തവും അഭ്യസിക്കുന്നുണ്ട്. ഇല്ലിക്കൽ മമ്മദ് ഗുരുക്കളുടെ കീഴിൽ കളരിയും, കലാമണ്ഡലം അരുണ ആർ. മാരാരുടെ കീഴിൽ മോഹിനിയാട്ടവും പഠിച്ചുവരികയാണ്.

നാവികസേനയിൽ നിന്ന് വിരമിച്ച ജയശങ്കറിന്റെയും കോട്ടയ്ക്കൽ അർബൻ ബാങ്ക് ഉദ്യോഗസ്ഥ അഞ്ജു പ്രകാശിന്റെയും മകളാണ് വേദ. സിനിമയോടുള്ള കുടുംബത്തിന്റെ താൽപ്പര്യവും തന്റെ വളർച്ചയ്ക്ക് വലിയ കരുത്താണെന്ന് വേദ കരുതുന്നു.

ആദ്യ ചിത്രം ഹിറ്റായതോടെ നിരവധി പുതിയ അവസരങ്ങളാണ് വേദയെ തേടി വരുന്നത്. എങ്കിലും മകൾക്ക് അനുയോജ്യമായ നല്ല കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്താൽ മതി എന്ന നിലപാടിലാണ് പിതാവ് ജയശങ്കർ. സ്കൂൾ വിദ്യാർത്ഥിനിയായ ദിയ ശങ്കറാണ് വേദയുടെ ഏക സഹോദരി.

### Related Links & Sources
- [Original Story Source](https://moviemax.in/news/353298/veda-shankar-conquered-malayali-hearts-with-his-debut-film)