കായംകുളം: ( www.truevisionnews.com ) അർധരാത്രി കായംകുളം ദേശീയപാതയിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷാപ്രവർത്തകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.
മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. കൊല്ലം സ്വദേശിയായ ഐ.ടി. ജീവനക്കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഏപ്രിൽ 3 നായിരുന്നു സംഭവമെങ്കിലും വൈദ്യപരിശോധന നടത്താനും രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് തയ്യാറായില്ലെന്ന് പരാതി ഉയർന്നിരുന്നു.
പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്. കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരിൽ പോയി മടങ്ങുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കായംകുളം കെ.പി.എ.സി ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടത്. പ്രതി മദ്യപിച്ചിരുന്നതായി യുവതി പറയുന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നത് വരെ പീഡനം തുടർന്നതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
Human Rights Commission orders investigation into rape of injured woman in Kayamkulam
































