തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏപ്രിൽ 14 വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ടയിൽ താപനില 36°C വരെ എത്തിയേക്കാം.
ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും വർധിക്കുന്നത് മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്ക് കാരണമായേക്കും. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് വഴിതെളിക്കുമെന്നതിനാൽ പൊതുജനങ്ങൾ കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് അൾട്രാവയലറ്റ് സൂചിക ഉയർന്നുനിൽക്കുന്ന പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർക്കൊപ്പം രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പാലിക്കണം.
പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുന്നതും ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും ഉചിതമായിരിക്കും. തെളിഞ്ഞ ആകാശമുള്ളപ്പോഴും ജലാശയങ്ങൾക്കും മണൽ പ്രദേശങ്ങൾക്കും സമീപവും അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്നതിനാൽ ഇത്തരം മേഖലകളിലുള്ളവർ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ അറിയിച്ചു.
Heavy heat continues in Kerala

































