---
title: "'ജനനായകൻ' ചോർന്ന സംഭവം: സിനിമയെ സംരക്ഷിക്കാൻ പൈറസി തടയണമെന്ന് മമിത ബൈജു"
english_title: "Mamita Baiju wants to stop piracy to protect cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353007/mamita-baiju-wants-to-stop-piracy-to-protect-cinema"
published_at: "2026-04-12T16:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db7ab133f3d_Mamita_Baiju_wants_to_stop_piracy_to_protect_cinema.jpg"
keywords: []
---

# 'ജനനായകൻ' ചോർന്ന സംഭവം: സിനിമയെ സംരക്ഷിക്കാൻ പൈറസി തടയണമെന്ന് മമിത ബൈജു

> **Lead Summary:** വിജയ് നായകനായ 'ജനനായകൻ' റിലീസിന് മുൻപേ ചോർന്ന സംഭവത്തിൽ പ്രതികരണവുമായി നടി മമിത ബൈജു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമയെയും അതിനുപിന്നിൽ പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും സംരക്ഷിക്കാൻ പൈറസി തടയുക എന്നത് മാത്രമാണ് ഏക പോംവഴിയെന്ന് മമിത പറഞ്ഞു. വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രങ്ങൾ ഇത്തരത്തിൽ ചോരുന്നത് സിനിമാ വ്യവസായത്തിന് വലിയ ആഘാതമാണെന്നും താരം കൂട്ടിച്ചേർത്തു.

## Article Content

വിജയ് നായകനായ 'ജനനായകൻ' റിലീസിന് മുൻപേ ചോർന്ന സംഭവത്തിൽ പ്രതികരണവുമായി നടി മമിത ബൈജു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമയെയും അതിനുപിന്നിൽ പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും സംരക്ഷിക്കാൻ പൈറസി തടയുക എന്നത് മാത്രമാണ് ഏക പോംവഴിയെന്ന് മമിത പറഞ്ഞു. വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രങ്ങൾ ഇത്തരത്തിൽ ചോരുന്നത് സിനിമാ വ്യവസായത്തിന് വലിയ ആഘാതമാണെന്നും താരം കൂട്ടിച്ചേർത്തു.

> "പ്രിയപ്പെട്ട പ്രേക്ഷകരേ, നിരവധി ആളുകളുടെ കഠിനാധ്വാനം, അഭിനിവേശം, അർപ്പണബോധം എന്നിവയിലൂടെയാണ് ഒരു സിനിമ ജീവൻ വെയ്ക്കുന്നത്. ഓരോ ദിവസവും അവർ തങ്ങളാൽ കഴിയുന്നതെല്ലാം നൽകുന്നു. ഇത് നിയമവിരുദ്ധമായി പ്രചരിക്കുന്നത് കാണുന്നത് തീർത്തും നിരാശാജനകമാണ്. ചില നിമിഷങ്ങൾ ഉദ്ദേശിച്ചതുപോലെ തന്നെ വലിയ സ്ക്രീനിൽ ഒരുമിച്ച് അനുഭവിക്കാൻ ഉള്ളതാണ്. ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോൾ സിനിമ ശരിയായ രീതിയിൽ കാത്തിരുന്ന് ആസ്വദിക്കാം. ദയവായി പൈറസിയെ പിന്തുണയ്ക്കരുത്. സിനിമയെയും അതിന് പിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം അതാണ്." മമിതയുടെ വാക്കുകൾ.

ചിത്രം ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയുന്നത് ഗുരുതരമായ കുറ്റമാണെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. എക്‌സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ് ആപ്പ്, ടെലിഗ്രാം, വെബ്‌സൈറ്റുകൾ തുടങ്ങിയവയിലോ മറ്റേതെങ്കിലും ഡിജിറ്റൽ സ്‌പെയ്‌സിലോ പൈറേറ്റഡ് ഉള്ളടക്കമോ അനധികൃത ക്ലിപ്പുകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയുടെ ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ.

തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/353007/mamita-baiju-wants-to-stop-piracy-to-protect-cinema)