കോഴിക്കോട്: ( www.truevisionnews.com ) അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്ഥതയിൽ ഉള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി.
മെക്സിക്കൻ തുറമുഖത്തുനിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് ആണ് വിൻഷാറിന്റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്.
മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂറോളം തിരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചുപോയി. മെക്സിക്കൻ തീരസേന കടലിൽ തിരച്ചിൽ നടത്തിവരുന്നതായാണ് വീട്ടിൽ വിവരം അറിയിച്ചത്. ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്. 15 വർഷത്തോളമായി വിദേശത്തു ജോലി ചെയ്യുന്ന വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചുവരുന്നത്. നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്കു മാറിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
വിൻഷാറിനെ കാണാതായതു സംബന്ധിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ, എം.കെ.രാഘവൻ എംപി, നോർക്ക അധികൃതർ തുടങ്ങിയവരെ അറിയിച്ചതായും സർക്കാർ തലത്തിൽ വിൻഷാറിനെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ തുടങ്ങി എന്നാണ് അവർ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. വിൻഷാറിനെ കാണാതായത് സംബന്ധിച്ച് എലത്തൂർ പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ വിവരം നൽകി.
A ship worker from Kakkodi Kozhikode has been reported missing.

































