തിരുവനന്തപുരം: ( www.truevisionnews.com ) പുല്ലമ്പാറയ്ക്ക് സമീപം ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്നലെ വീട്ടിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വെള്ളുമണ്ണടി സ്വദേശിയായ 72കാരി ബലാത്സംഗ ശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പ്രതിയായ കോലിയക്കോട് സ്വജേശി ജിത്തു(27)നെ വെഞ്ഞാറമ്മൂട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
വയോധികയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രതി മദ്യലഹരിയിൽ ബലാത്സംഗത്തിന് ശ്രമിച്ചെന്നും ഇതിനിടെ വയോധിക മരിച്ചെന്നുമാണ് പൊലീസ് പറയുന്നത്. വയോധികയെ ആളില്ലാത്ത സമയത്ത് പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ പുരയിടം വൃത്തിയാക്കാനെത്തിയ തൊഴിലാളികൾ വയോധികയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
തുടർന്ന് ഇവർ ജോലി ആരംഭിച്ചു. കുറച്ചുകഴിഞ്ഞ് വീണ്ടും വിളിച്ചെങ്കിലും ആളനക്കം കാണാതെ വന്നതോടെയാണ് പരിശോധിച്ചത്. കതക് തുറന്നാണ് കിടന്നത്. സംശയം തോന്നിയ തൊഴിലാളികൾ അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വസ്ത്രങ്ങൾ സ്ഥാനം തെറ്റിയ നിലയിലായിരുന്നു. തൊഴിലാളികൾ അയൽവാസികളേയും, അവർ വലിയകട്ടയ്ക്കാലിൽ താമസിക്കുന്ന മകനെയും വിവരമറിയിച്ചു. മകൻ വിളിച്ചു പറഞ്ഞതിനെ തുടർന്ന് വെഞ്ഞാറമൂട് പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി.
ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. പീഡനം നടന്നതായി തുടക്കത്തിൽ സംശയമുണ്ടായിരുന്നു. മുറിയിൽ നിന്ന് വീട്ടുകാരുടേതല്ലാത്ത ഒരു ജോഡി ചെരുപ്പും കണ്ടെടുത്തു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ജിത്തുവിനെ പിടികൂടുകയായിരുന്നു.
Venjaramood Elderly woman strangled to death Youth confesses to trying to rape her

































